പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിൽ വെള്ളമില്ലാതെ നാലു ദിവസം
സിദ്ധ, ഹോമിയോ ഉൾപ്പെടെ രണ്ട് ആശുപത്രികളും 11 സർക്കാർ ഓഫിസുകളും പ്രവർത്തിക്കുന്ന പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിൽ 4 ദിവസമായി ശുദ്ധജലമില്ലാതെ ജീവനക്കാർ വലയുന്നു. വെള്ളമില്ലാത്തിനാൽ ശുചിമുറിയിലടക്കം പോകാൻ കഴിയാത്ത സ്ഥിതിയാണ്. ജീവനക്കാരുടെ ദുരിതമറിഞ്ഞ് എൻജിഒ യൂണിയൻ ജല വകുപ്പിൽ പണമടച്ച് 7,000 ലീറ്റർ ശുദ്ധജലം ഇന്നലെ എത്തിച്ചു.
സപ്ലൈകോ സൂപ്പർ മാർക്കറ്റ്, വില്ലേജ് ഓഫിസ്, സബ്റജിസ്ട്രാർ ഓഫിസ്, തപാൽ ഓഫിസ് തുടങ്ങി ഒട്ടേറെ ഓഫിസുകളിൽ ഇതിൽ പ്രവർത്തിക്കുന്നുണ്ട്. റവന്യു വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് സിവിൽ സ്റ്റേഷൻ. കെട്ടിടത്തിൽ ശുചീകരണത്തിനോ സുരക്ഷയ്ക്കോ ആളില്ല. ലിഫ്റ്റുണ്ടെങ്കിലും പ്രവർത്തിപ്പിക്കാനാളില്ല. അതേസമയം ലിഫ്റ്റ് ഓപ്പറേറ്റർ, ഇലക്ട്രിഷ്യൻ –പമ്പ് ഓപ്പറേറ്റർ, സെക്യൂരിറ്റി, സ്വീപ്പർ തസ്തികകൾ ആവശ്യപ്പെട്ടുള്ള ഫയൽ കലക്ടറുടെ മുന്നിലെത്തിയിട്ടുണ്ടെന്നാണ് വിവരം.
