അണ്ടൂർക്കോണം പഞ്ചായത്ത് പൊതുശ്മശാനം മാർച്ച് ഒന്നുമുതൽ പ്രവർത്തനം തുടങ്ങും
അണ്ടൂർക്കോണം പഞ്ചായത്തിൽ കണിയാപുരം മുസ്ലിം ഹൈസ്കൂളിനു സമീപം ആധുനിക സൗകര്യങ്ങളോടെയുള്ള പൊതുശ്മശാനം ‘പ്രശാന്തി’ മാർച്ച് ഒന്നിന് പ്രവർത്തിച്ചു തുടങ്ങും. ജില്ലാപഞ്ചായത്ത് 1.80 കോടി ചെലവിട്ടാണ് കെട്ടിടമടക്കം സംവിധാനങ്ങൾ ഒരുക്കിയത്. ഇതു പഞ്ചായത്തിനു കൈമാറിയതായി പ്രസിഡന്റ് എസ്.ഹരികുമാർ പറഞ്ഞു. ശുചിമുറിക്കും മറ്റുമായി 18 ലക്ഷം പഞ്ചായത്ത് മാറ്റിവച്ചെന്നും കോഓർഡിനേറ്റർ, ഓപ്പറേറ്റർ, സ്വീപ്പർ എന്നിവരെ നിയമിക്കാനുള്ള നടപടിക്രമങ്ങളും പൂർത്തിയായതായും പ്രസിഡന്റ് അറിയിച്ചു.
കഴിഞ്ഞ ജനുവരി 2ന് മന്ത്രി മുഹമ്മദ് റിയാസാണ് ശ്മശാനം ഉദ്ഘാടനം ചെയ്തത്. സമീപ പഞ്ചായത്തുകളിലുള്ളവർക്കും നഗരസഭയിൽ നിന്നുള്ളവർക്കും ശ്മശാനം ഉപയോഗിക്കാൻ കഴിയും. ഒരേസമയം 6 സിലിണ്ടറുകൾ ഉപയോഗിച്ച് പത്തു ബർണറുകളിലേക്ക് തീജ്വലിപ്പിക്കാനാകും. ഒന്നര ഏക്കറോളം ചുറ്റുവളപ്പുള്ള ഭൂമിയിൽ 4000 ചതുരശ്രയടിയിലാണു കെട്ടിടം. പൂന്തോട്ടവും മൃതദേഹം കൊണ്ടു വരുന്നവർക്ക് ഇരിക്കാനുള്ള സൗകര്യം ഉൾപ്പെടെ ഒരുക്കുന്നുണ്ട്.
