നിയമപഠനവും കീഴ്ക്കോടതി ഭാഷയും മലയാളത്തിലാക്കാൻ സംസ്ഥാന സർക്കാറിൻ്റെ ഒറ്റ ഉത്തരവ് മാത്രം മതിയെന്നും സിവിൽ നടപടി ക്രമങ്ങൾ 137, ഭാരതീയ നാഗരിക സുരക്ഷാ സംഹിത 307, ഭരണഘടനാ അനുഛേദം 348 എന്നിവ ഇതിന് പൂർണ്ണമായും അനുകൂലമാണെന്നും ജസ്റ്റിസ് . എം.ആർ ഹരിഹരൻ നായർ അഭിപ്രായപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഹൈക്കോടതിക്ക് കീഴിലുള്ള എല്ലാ കോടതികളും അവരവരുടെ ഭാഷയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ ആയിരുന്ന കാലത്ത് ഉത്തരവുകളും നടപടിക്രമങ്ങളും പൂർണ്ണമായും മലയാളത്തിലാക്കിയ അനുഭവവും അദ്ദേഹം പങ്കുവെച്ചു. സർക്കാർ നിയമ കലാലയ (ഗവ. ലോകോളേജ്) ത്തിൽ മലയാളഐക്യവേദിയും മിഴാവ് മലയാളം ക്ലബ്ബും സംഘടിപ്പിച്ച മാതൃഭാഷാ വാരാചരണത്തിൻ്റെ ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലയിലാകെ മലയാള ഐക്യവേദിയുടെ നേത്യത്വത്തിൽ ഫെബ്രു 28 വരെ നടക്കുന്ന മാതൃഭാഷാ വാരാചരണത്തിൻ്റെ ഉദ്ഘാടനം ഗവ. ലോ കോളേജിൽ മലയാളത്തിൻ്റെ പ്രിയകവി പ്രൊഫ. വി. മധുസൂദനൻ നായർ നിർവ്വഹിച്ചു. മാതൃഭാഷയാണ് ഓരോ ജനതയുടെയും വീടും നാടും ആകാശവുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.ബിന്ദുമോൾ വി.സി അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രൊഫ.സ്മിത ജോൺ, ഭരത് നായർ, വിനോദ്കുമാർ വി ജ്യോത്സ്ന എം.എ എന്നിവർ സംസാരിച്ചു.
തുടർന്ന് “ഭരണഘടന വിവക്ഷിച്ചിട്ടും മലയാള മാവാത്ത കീഴ്ക്കോടതിഭാഷയും നിയമപഠനവും” എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ കെ.കെ സുബൈർ കെ.എ.എസ് വിഷയാവതരണം നടത്തി. മാളവിക വൈലോപ്പിള്ളി, പ്രകാശ് ശൈലയം, ആദർശ് ജോൺസൺ, വിമൽ, ജെറിൻ. സതീഷ് കിടാരക്കുഴി എന്നിവർ പ്രതികരിച്ചു.
