രോഗങ്ങളുടെ നടുക്കടലിൽ മുൻ പ്രവാസി തൊഴിലാളി; മജ്ജ നൽകാൻ സഹോദരിയുണ്ട്, ശസ്ത്രക്രിയയ്ക്ക് പണമില്ല
ദുരിതങ്ങളിൽ നിന്നു കരകയറാൻ ബഹ്റൈനിലൊരു കരാർ ജോലി തരപ്പെടുത്തി മാസങ്ങൾക്കുള്ളിൽ തീരാരോഗവുമായി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന തിരുവനന്തപുരം വക്കം സ്വദേശി കിരൺ കുമാർ ഇപ്പോൾ തുടർരോഗങ്ങളുടെയും ദുരിതങ്ങളുടെയും നടുക്കടലിലാണ്. ചെറുനാണയത്തുട്ടു മുതൽ സ്നേഹപൂർവമായൊരു വാക്കു പോലും കിരണിനും കുടുംബത്തിനും ജീവിതത്തിലേക്കുള്ള പിടിവള്ളിയും.
കിരണിനെ ബാധിച്ച മൈലോഡിസ്പ്ലാസ്റ്റിക്ക് സിൻഡ്രോം (എംഡിഎസ്) എന്ന അസ്ഥി മജ്ജാ ക്ഷയമാണ് ഈ കുടുംബത്തിന്റെ ജീവിതം കീഴ്മേൽ മറിച്ചത്. മജ്ജയിലെ രക്തകോശങ്ങൾ വളർച്ച പ്രാപിക്കാതെ നശിച്ചുപോകുന്ന രോഗമാണിത്. ശരീരത്തിനു സ്വന്തമായി രക്തം ഉൽപാദിപ്പിക്കാൻ കഴിയാത്ത അവസ്ഥ മൂലം രണ്ടുദിവസത്തിലൊരിക്കൽ രക്തം സ്വീകരിക്കണം. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ രണ്ടുവർഷമായി ചികിത്സ തുടരുന്നു. മജ്ജ മാറ്റിവയ്ക്കുകയാണു മുന്നിലുള്ള പരിഹാരം. ഡോക്ടർ ഇതു നിർദേശിച്ചിരിക്കുന്നു. മജ്ജ നൽകാൻ സഹോദരി തയാറാകുകയും ചെയ്തു. 12 ലക്ഷത്തിലേറെ രൂപ ചെലവു വരുമെന്നാണ് ഡോക്ടർ എഴുതി നൽകിയിരിക്കുന്നത്.
