കരമന–കളിയിക്കാവിള പാത വികസനം: കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി
കരമന–കളിയിക്കാവിള പാത വികസനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ബാലരാമപുരം കൊടിനട മുതൽ വഴിമുക്കു വരെ 1.6 കിലോമീറ്റർ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വില നൽകി ഏറ്റെടുത്ത കെട്ടിടങ്ങൾ പൊളിക്കുന്ന പണി ആരംഭിച്ചു. വഴിമുക്കിൽ നിന്നാണ് കെട്ടിടം പൊളിക്കുന്ന ജോലി തുടങ്ങിയത്. കല്ലമ്പലം വരെ ഇരുഭാഗങ്ങളിലും കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങിയിട്ടുണ്ട്. കൊടിനട വരെയുള്ള ഭാഗങ്ങളിൽ ഏറ്റെടുത്ത കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള ജോലി അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. ഇതിനുള്ള നോട്ടിസ് കെട്ടിട ഉടമകൾക്ക് നൽകിയിട്ടുണ്ട്.
ഇതിനിടെ പലരും സ്വമേധയാ ഒഴിഞ്ഞുപോയി. 3 ഘട്ടങ്ങളായാണ് പൊളിക്കൽ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ തടി, ഇരുമ്പ് തുടങ്ങിയ സാധനങ്ങൾ പൊളിച്ചുമാറ്റും. തുടർന്ന് കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ ഇടിച്ച് തറ നിരപ്പാക്കും. കുഞ്ചാലുംമൂട് സ്വദേശിക്കാണ് ഇതിനുള്ള കരാർ ലഭിച്ചിരിക്കുന്നത്. റവന്യു വകുപ്പ് ഏറ്റെടുത്ത സ്ഥലം നിരപ്പാക്കിയാവും പൊതുമരാമത്ത് വകുപ്പിനെ ഏൽപിക്കുക. അതേസമയം കെട്ടിടങ്ങൾ പൊളിച്ചാലും നിർമാണം എന്ന് ആരംഭിക്കാനാവുമെന്നു വ്യക്തമല്ല.
