പോങ്ങനാട് വെണ്ണിച്ചിറ നീന്തൽക്കുളം ആധുനിക സൗകര്യങ്ങളൊരുക്കി നവീകരിക്കാനുള്ള അധികൃതരുടെ ആരംഭശൂരത്വത്തിൽ നഷ്ടമായത് ഒട്ടേറെ പേരുടെ പരിശീലനാവസരവും, ഒരു കോടി രൂപയും.
1400ൽപരം കുട്ടികൾ നീന്തൽ പരിശീലിച്ചതാണ് കിളിമാനൂർ പഞ്ചായത്തിലെ വെണ്ണിച്ചിറയിലെ കുളം. ആറ് വർഷം മുമ്പ് ആധുനിക രീതിയിൽ നവീകരണം തുടങ്ങിയതോടെ പരിശീലനം മുടങ്ങി കുളത്തിൽ പായലും മാലിന്യവും നിറഞ്ഞതോടെ ഉപ യോഗശൂന്യമായി.
2019ൽ ജില്ല പഞ്ചായത്താണ് നവീകരണത്തിനായി 2.5 കോടി രൂപ ചെലവ് വരുന്ന പദ്ധതി തയാറാക്കിയത്. ജില്ല പഞ്ചായത്ത് നാവായിക്കുളം ഡിവിഷനിൽ ഉൾപ്പെടുന്നതാണ് വെണ്ണിച്ചിറ. നീന്തൽക്കുളം, ജലസംഭരണ ഏരിയ, പരിശീലന വസ്തുക്കൾ സൂക്ഷിക്കുന്നതിനും ഡ്രസിങിനുമുള്ള ഏരിയ, നടപ്പാത എന്നിവ ഒരുക്കാനായിരുന്നു പദ്ധതി.
ആദ്യഘട്ടമായി ഒരു കോടി അനുവദിച്ച് കരാർ നൽകി. നാലുവർഷം ഇഴഞ്ഞു നീങ്ങിയ നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോഴേക്കും പദ്ധതി എങ്ങുമെത്തിയില്ല. വ്യക്തമായ ആസൂത്രണവും മുന്നൊരുക്കവുമില്ലാതെയാണ് നിർമാണം തുടങ്ങിയതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.
നിർമാണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിളിമാനൂർ പഞ്ചായത്തും, പരിശീലനം സംഘടിപ്പിച്ചിരുന്ന ഷാർക് അക്വാട്ടിക് ക്ലബും അധികൃതർക്ക് നിരവധി നിവേദനങ്ങൾ നൽകി. എന്നാൽ പദ്ധതി ആസൂത്രണത്തിൽ ഉൾപ്പെടുത്തുക പോലുമുണ്ടായില്ല.
