കളിമണ്ണ് ലഭിക്കാനുള്ള നിയമ കുരുക്കും സർക്കാർ മുറുക്കിയതോടെ തൊഴിലാളികൾ മറ്റ് തൊഴിലുകളിലേക്ക് മാറിപ്പോകുന്നു. മൺപാത്രങ്ങൾ പരമ്പരാഗതമായി നിർമിച്ചിരുന്ന തൊഴുക്കലിൽ ഈ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തൊഴുക്കലിനു പുറമേ പാറശാലയിലെ നെടുവാൻവിള, ചെങ്കലിലെ കാരിയോട് എന്നിവിടങ്ങളിലും മൺപാത്രങ്ങൾ കുലത്തൊഴിലായി നിർമിക്കുന്നവരുണ്ട്. അതേസമയം ജില്ലയിലെ മറ്റു കേന്ദ്രങ്ങളായ ആമച്ചൽ, പേയാട്, വട്ടിയൂർക്കാവ്, നെടുമങ്ങാട്, കരകുളം, കൊഞ്ചിറവിള, നേമം, പാമാംകോട്, മേലാങ്കോട്, പേട്ട, കഴക്കൂട്ടം, ആറ്റിങ്ങൽ, കിളിമാനൂർ, തട്ടത്തുമല, ആറാംപാലം, വെമ്പായം എന്നിവിടങ്ങളിൽ ഈ തൊഴിൽ ഏതാണ്ട് നിലച്ച മട്ടാണ്.
മൺപാത്രങ്ങൾ നിർമിക്കാൻ വേണ്ട കളിമണ്ണിന്റെ ലഭ്യതക്കുറവാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. പരമ്പരാഗതമായി മൺപാത്രങ്ങൾ നിർമിക്കുന്ന ഒരു കുടുംബത്തിന് റോയൽറ്റി നൽകാതെ 50 ടൺ വരെ കളിമണ്ണ് ഖനനം ചെയ്തെടുക്കാൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉത്തരവ് ഇറങ്ങിയിരുന്നു. സദുദ്ദേശത്തിലാണ് ഇറക്കിയതെങ്കിലും ഉത്തരവ് പലപ്പോഴും കളിമൺ പാത്രങ്ങൾ നിർമിക്കുന്നവർക്കു കീറാമുട്ടിയായി. ഖനനത്തിന് വില്ലേജ് ഓഫിസിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ, ജിയോളജി വകുപ്പിന്റെ പരിശോധന തുടങ്ങിയവ ഇവർക്ക് കുരുക്കായി. കളിമൺ ഖനനത്തിന് അതത് തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള എൻഒസി മാത്രമായി പരിമിതപ്പെടുത്തിയാൽ ഈ വ്യവസായം വീണ്ടും പച്ചപിടിക്കുമെന്നും ഉപേക്ഷിച്ചു കടന്നവർ തിരികെ വരുമെന്നുമാണ് തൊഴിലാളികൾ പറയുന്നത്. അതിനു വേണ്ട നടപടി സർക്കാർ സ്വീകരിക്കുന്നില്ലെന്നാണ് അവരുടെ പരാതി.
