പോത്തൻകോട് പാലോട്ടുകോണത്ത് സർക്കാർ വക 20 സെന്റ് ഭൂമിയും മനോഹരമായൊരു കെട്ടിടവും കാടുമൂടി കിടക്കുന്നു.മണ്ണും വീടും പദ്ധതിക്ക് ഭൂമി തേടി നടക്കുമ്പോഴാണിത്. കീഴ്തോന്നയ്ക്കൽ വില്ലേജ് ഓഫിസിനു വേണ്ടി പോത്തൻകോട് പാലോട്ടുകോണം മിച്ചഭൂമിയിൽ നിർമിച്ച കെട്ടിടമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. പരിസരം ഇഴജന്തുക്കളുടെ താവളമാണ്. 25 വർഷം മുൻപാണ് 20 സെന്റ് വസ്തുവിൽ 800 ചതുരശ്ര അടി കെട്ടിടം നിർമിച്ചത്. ചുറ്റുമതിലും സ്ഥാപിച്ചു.
ഇവിടെ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫിസ് രണ്ടുവർഷം മുൻപ് പോത്തൻകോട് ജംക്ഷനിലെ മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റി. അതോടെ റവന്യു ഉദ്യോഗസ്ഥരും കെട്ടിടം മറന്ന മട്ടാണ്. ഡിജിറ്റൽ സർവേ നടന്നപ്പോൾ പോലും ഈ കെട്ടിടം ഉപയോഗിക്കാതെ വാടക കെട്ടിടം തേടുകയായിരുന്നു. കഴക്കൂട്ടം – തൈക്കാട് ബൈപാസിൽ നിന്ന് 200 മീറ്റർ ഉള്ളിലായി ഇട റോഡിന്റെ വശത്തായാണ് കെട്ടിടം. റവന്യു ഭൂമിയായതിനാൽ പോത്തൻകോട് ഗ്രാമപഞ്ചായത്തിനും കെട്ടിടം ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല.
