മത്സര ഓട്ടം: കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു
മത്സര ഓട്ടം നടത്തിയ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർത്ത് മറിഞ്ഞു. ഇന്നലെ വൈകിട്ട് നാലു മണിയോടെ പ്ലാവൂർ സ്കൂളിനു സമീപമാണ് അപകടം. ആമച്ചൽ ഭാഗത്തു നിന്ന് അമിത വേഗത്തിൽ മത്സര ഓട്ടം നടത്തി വന്ന രണ്ടു കാറുകളിൽ ഒന്ന് അപകട സ്ഥലത്തെ വളവിലൂടെ പാഞ്ഞപ്പോൾ നിയന്ത്രണം വിട്ട് റോഡ് വക്കിലെ 2 വൈദ്യുത പോസ്റ്റുകൾ ഇടിച്ച് തകർത്ത് തലകീഴായി റോഡിന്റെ എതിർ ദിശയിൽ മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു.
കാർ ഓടിച്ച നാഞ്ചല്ലൂർ സ്വദേശിയായ യുവാവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സ്കൂളിനു സമീപം പ്രവർത്തിക്കുന്ന പാരലൽ കോളജിനു മുന്നിലായിരുന്നു അപകടം. ഇവിടെ മൂന്നു മണിയോടെ അധ്യയനം അവസാനിച്ചതിനാൽ കുട്ടികൾ ആരും റോഡിൽ ഇല്ലായിരുന്നു.അതുകൊണ്ടു തന്നെ വലിയൊരു അപകടം ഒഴിവായി.
