ചെന്നൈ : നടൻ രവികുമാർ അന്തരിച്ചു. 75 വയസ് ആയിരുന്നു. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രവികുമാര്‍ ആദ്യകാല നായക നടനാണ്. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് രവികുമാർ. നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്.
അനുപല്ലവി, അവളുടെ രാവുകൾ, അങ്ങാടി അടക്കം നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് ആറാട്ട്, സിബിഐ 5 എന്നീ ചിത്രങ്ങളിലാണ്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. എൻ സ്വരം പൂവിടും ഗാനമേ, സ്വർണ്ണ മീനിന്റെ തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലും അഭിനയിച്ചത് രവി കുമാറാണ്.
