എം സാൻഡിന് പകരം പാറപ്പൊടി ഉപയോഗിച്ചെന്ന് ആരോപണം; കരാറുകാരന് എതിരെ പഞ്ചായത്ത് ഭരണസമിതി.
പഴയകുന്നുമ്മേൽ പഞ്ചായത്തിൽ മഹാദേവേശ്വരം റോഡിന്റെ കോൺക്രീറ്റ് പണി അനന്തമായി നീളുന്നത് കരാർ മേഖലയിലെ ചിലരുടെ ഇടപെടൽ കാരണമെന്ന് പഞ്ചായത്ത് ഭരണ സമിതി. എംസി റോഡ്, ആയിരവില്ലി, പഞ്ചായത്ത് ബസ് സ്റ്റാൻഡ് എന്നിവയെ ബന്ധിപ്പിക്കുന്ന മഹാദേവേശ്വരം റോഡിൽ അപകടത്തിലായ പാലം പൊളിച്ച് പുതിയ പാലം നിർമിക്കുന്നതിനും 100 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനുമായി എംഎൽഎ ഫണ്ടിൽനിന്നു 27 ലക്ഷം രൂപയാണ് അനുവദിച്ചത്.
നെയ്യാറ്റിൻകരയിലെ യുവാവാണ് കരാർ എടുത്തത്. പാലത്തിന്റെ കോൺക്രീറ്റ് പൂർത്തിയാക്കിയിരുന്നു.എം സാൻഡിനു പകരം പാറപ്പടിയാണ് കോൺക്രീറ്റിന് ഉപയോഗിക്കുന്നതായി ആരോപിച്ച് കരാർ മേഖലയിലെ ചിലർ ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി.ഇതേ തുടർന്ന് എംസാൻഡ് പരിശോധന നടത്തിയ ശേഷം റോഡ് കോൺക്രീറ്റ് ചെയ്താൽ മതിയെന്ന നിർദേശം നൽകി.
ഇതോടെയാണ് 10നു പൂർത്തിയാകേണ്ട റോഡ് നവീകരണം അനന്തമായി നീണ്ടത്. വിഷു ദിവസം റോഡ് ഗതാഗതത്തിനു തുറന്നു നൽകാനാണ് പഞ്ചായത്ത് തീരുമാനിച്ചിരുന്നത്. എം സാൻഡ് പരിശോധന ഫലം വന്നാൽ മാത്രമേ റോഡ് നവീകരിക്കാൻ കഴിയൂ. എന്നാൽ ഫലം എന്നു ലഭിക്കുമെന്ന് നിശ്ചയമില്ല.
