സംസ്ഥാന സർക്കാർ ഭൂ രഹിത ഭവന രഹിത കുടുംബങ്ങൾക്കായി ആവിഷ്ക്കരിച്ച – മനസ്സോടിത്തിരി മണ്ണ് പദ്ധതിയിൽ ആറ് സെൻ്റ് ഭൂമി ദാനം ചെയ്തു മാതൃകയാവുകയാണ് കിളിമാനൂർ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ആൽസി. തൻ്റെ ജന്മസ്ഥലമായ കരവാരം ഗ്രാമ പഞ്ചായത്തിലെ വടക്കോട്ടു കാവിന് സമീപമാണ് ആറ് സെൻ്റ് ഭൂമി നൽകുന്നത്. ഇതിൽ മൂന്ന് സെൻ്റ് ഭൂമി കരവാരം പഞ്ചായത്തിലെ ഒരു ഗുണഭോക്താവിനും, മൂന്ന് സെൻ്റ് ഭൂമി കിളിമാനൂർ പഞ്ചായത്തിലെ ഒരു ഗുണ ഭോക്താവിനും ആണ് നൽകുക എന്ന് ആൽസി പറഞ്ഞു. മനസ്സോടിത്തിരി മണ്ണ് – ലൈഫ് മിഷൻ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ കോൺഫറസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എ ശ്രീമതി. ഒ. എസ്. അംബിക ആൽസിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇനിയും കൂടുതൽ സുമസ്സുകൾ ഭൂമി വിട്ടു തന്നാൽ നിരവധി കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആകും എന്നും ഈ ഭൂമിയിൽ വ സർക്കാർ വീട് നിർമ്മിച്ചു നൽകും എന്നും എം.എൽ.എ അറിയിച്ചു
