അമിതലോഡും അമിതവേഗവുമായി ടിപ്പർ ലോറികൾ.
അമിതലോഡുമായി ടിപ്പർ ലോറികൾ സഞ്ചാരം അപകട ഭീഷണി ഉയർത്തുമ്പോൾ പൊലീസും മോട്ടർ വകുപ്പ് ഉദ്യോഗസ്ഥരും കണ്ണടച്ചിരിക്കുകയാണെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം പാങ്ങലുകാട് പുള്ളിപച്ചയിൽ നിന്നു പാറയുമായി എത്തിയ ടിപ്പർ പാങ്ങലുകാട്ടിൽ നാട്ടുകാർ തടഞ്ഞിട്ടതിനെ തുടർന്നാണ് കടയ്ക്കൽ പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ മുതൽ ടിപ്പറുകളുടെ അമിത വേഗം കിഴക്കൻമേഖലയിൽ വൻ ഭീഷണിയാണ് ഉണ്ടാക്കുന്നത്.
പാങ്ങലുകാട് പുള്ളിപച്ച, കൊണ്ടോടി എന്നിവിടങ്ങളിൽ നിന്നു പാറ ലോഡുമായി കടയ്ക്കൽ ചിങ്ങേലി ചടയമംഗലം റോഡിലൂടെയും നിലമേൽ റോഡിലൂടെയും ആണ് ടിപ്പറുകൾ സഞ്ചരിക്കുന്നത്. സ്കൂൾ സമയം ടിപ്പറുകൾ സഞ്ചരിക്കരുതെന്നു വ്യവസ്ഥയുണ്ടെങ്കിലും സ്കൂളുകൾക്ക് അവധിയായതിനാൽ നിയന്ത്രണം ഇവ പാലിക്കുന്നില്ല. പുലർച്ചെ മുതൽ വൈകിട്ട് വരെയും ടിപ്പറുകൾ സഞ്ചരിക്കുകയാണ്. ഒന്നര വർഷം മുൻപ് കടയ്ക്കൽ ചിങ്ങേലി ചടയമംഗലം റോഡിൽ ചിങ്ങേലി ജംക്ഷന് സമീപത്തു ടിപ്പർ കയറി കുട്ടിയുടെ കാലിന് പരുക്കേറ്റിരുന്നു.
