നെടുമങ്ങാട് : ചെയ്യാത്ത കുറ്റത്തിന് പേരൂർക്കട പോലീസിന്റെ മാനസികപീഡനത്തിനിരയായ ദളിത് യുവതിക്കു പിന്തുണയുമായി രാഷ്ട്രീയനേതാക്കളും സംഘടനകളും. പോലീസ് അതിക്രമത്തിനിരയായ ബിന്ദുവിന് കോൺഗ്രസ് പൂർണ പിന്തുണ നൽകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
ബിന്ദുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പരാതി വായിച്ചുനോക്കാൻ പോലും കൂട്ടാക്കിയില്ല.
നിരപരാധിത്വം ബോധ്യപ്പെട്ടിട്ടും ബിന്ദുവിനെയും അവരുടെ മക്കളെയും നിന്ദ്യമായ ഭാഷയിലാണ് പോലീസ് അധിക്ഷേപിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് പാലോട് രവി, കെപിസിസി ഭാരവാഹികളായ എം.ലിജു, പഴകുളം മധു, ജി.സുബോധൻ, എം.എം.നസീർ, ആനാട് ജയൻ തുടങ്ങിയവരും സണ്ണി ജോസഫിനൊപ്പമുണ്ടായിരുന്നു.
ബിന്ദുവിനു നീതി ഉറപ്പാക്കണം -കൊടിക്കുന്നിൽ
തിരുവനന്തപുരം : പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് യുവതി ബിന്ദുവിനോടു കാട്ടിയ ക്രൂരത സമൂഹത്തെ ഞെട്ടിച്ചെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി. മാലമോഷ്ടിച്ചെന്നാരോപിച്ച് തെളിവില്ലാതെ 20 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ ബിന്ദുവിനെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചവരെ ജയിലിലാക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
