January 15, 2026

വർക്കല∙ നവീകരണത്തിനായി പുന്നമൂട് മാർക്കറ്റ് കെട്ടിടം പൂർണമായും പൊളിച്ചു.  കെട്ടിടം മുഴുവനായി പൊളിക്കുന്നതിനെതിരെ  ബിജെപി അംഗങ്ങൾ ഉയർത്തിയ എതിർപ്പ് അവഗണിച്ചാണ് ഇന്നലെ വൈകിട്ടോടെ നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കെട്ടിടം പൊളിച്ചത്. കൗൺസിലർമാരായ ജി.ഉണ്ണിക്കൃഷ്ണൻ, പ്രിയാ ഗോപൻ, വി.സിന്ധു എന്നിവർ ഉൾപ്പെടെയാണ് പൊളിക്കാനെത്തിയ കരാറുകാരെ ഇന്നലെ രാവിലെ മാർക്കറ്റ് പരിസരത്ത് തടഞ്ഞത്. കൗൺസിൽ യോഗത്തിൽ മേൽക്കൂര നീക്കം ചെയ്യാൻ മാത്രമാണ് അനുമതിയുള്ളൂ എന്നു വാദം ഉയർത്തിയാണ് ഇവർ സ്ഥലത്തെത്തിയത്. മാർക്കറ്റ് നവീകരണത്തിനു എതിരല്ലെന്നും എന്നാൽ പാടേ പൊളിച്ചു കഴിഞ്ഞാൽ പിന്നീടുള്ള നിർമാണവും സമയക്രമവും സംബന്ധിച്ചു വ്യക്തത വേണമെന്നു ഇവർ ആവശ്യപ്പെട്ടു. തുടർന്നു വൈകിട്ട് പൊളിക്കാൻ എത്തിയ സംഘത്തെ സ്ഥലം കൗൺസിലർ ജി.ഉണ്ണിക്കൃഷ്ണനും കച്ചവടക്കാരും തടയാൻ ശ്രമിച്ചു.

പിന്നാലെ നഗരസഭ അധ്യക്ഷൻ കെ.എം.ലാജിയും സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തി. തൽക്കാലം മാർക്കറ്റിൽ കച്ചവടം നടത്താൻ അനുമതി നൽകുമെന്നും നിർമാണം തുടങ്ങുന്ന വേളയിൽ ഇവരെ  പുനരധിവസിപ്പിക്കാൻ നടപടിയും ഉണ്ടാകുമെന്ന ഉറപ്പു നൽകി. അതേസമയം നഗരസഭയുടെ കീഴിലുള്ള പുന്നമൂട് ഫിഷ് മാർക്കറ്റ് കെട്ടിടം പൊളിച്ചു നീക്കം ചെയ്താൽ മാത്രമാണ് സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കാൻ വഴിയുള്ളൂ എന്ന് അധ്യക്ഷൻ കെ.എം.ലാജി വ്യക്തമാക്കി. കെട്ടിടം ഒഴിപ്പിച്ചു നിർമാണ പ്രവർത്തനങ്ങൾക്കു അനുവദിച്ച സമയപരിധി കഴിഞ്ഞതിന്റെ പേരിലാണ് നേരത്തെ അനുവദിച്ചിരുന്ന 4.66 കോടിയുടെ കിഫ്ബി ഫണ്ട് ലാപ്സായി പോയത്. ഫണ്ട് പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടം പൊളിച്ചു പുതിയത് പണിയാനുള്ള ഒരുക്കങ്ങൾ നടത്തി തീരദേശ വികസന കോർപറേഷൻ മുഖേന റിപ്പോർട്ട് നൽകണമെന്നും അധ്യക്ഷൻ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *