പോത്തൻകോട് ∙ കുത്തിപ്പൊളിച്ചിട്ട പോത്തൻകോട്– കുന്നത്ത് ക്ഷേത്രം – ശ്രീനാരായണപുരം–വാവറയമ്പലം റോഡ് നിർമാണ പ്രവൃത്തികൾ മന്ത്രി ജി.ആർ.അനിലിന്റെ ഇടപെടലിൽ ഇന്നലെ തുടങ്ങി. ‘ഒരു റോഡിന് 2 ഫണ്ട്, കരാർ 2. പണി പാതിവഴിയിലായി ’ തലക്കെട്ടിൽ മലയാള മനോരമ വാർത്തയാക്കിയതിനെ തുടർന്നു കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായിരുന്നു. കൂടാതെ വ്യാഴാഴ്ച മന്ത്രിയുടെ നേതൃത്വത്തിൽ എൽഎസ്ജിഡി, വാട്ടർ അതോറിറ്റി, കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സെക്രട്ടറിയേറ്റ് ചേംബറിൽ ചേർന്നിരുന്നു. ഇന്നലെ വാട്ടർ അതോറിറ്റി വകുപ്പുകളുടെ പണി തുടങ്ങിയതായാണ് വിവരം.
രാവിലെ മന്ത്രി സ്ഥലം സന്ദർശിച്ചെങ്കിലും ആ സമയത്ത് കരാറുകാരും ഉദ്യോഗസ്ഥരും എത്തിയിരുന്നില്ല. പ്രധാനമന്ത്രി ഗ്രാമീൺ യോജന പദ്ധതി പ്രകാരം 2023 -24ൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പോത്തൻകോട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുത്തിയ ശ്രീനാരായണപുരം – വാവറ അമ്പലം – കുന്നത്ത് ക്ഷേത്രം – പോത്തൻകോട് റോഡിൽ ഒന്നും രണ്ടും റീച്ചുകൾ ഉൾപ്പെടെ 4.75 കിലോമീറ്റർ ആണ് ദൂരമാണ് ടാറിങ്. ഇതിൽ ആദ്യ റീച്ച് 2.300 കിലോമീറ്റർ പൊതുമരാമത്ത് ആസ്തിയിൽ ഉൾപ്പെടുന്നത് ബിഎംബിസി നിലവാരത്തിൽ ഉയർത്തി പൊതുമരാമത്തു കരാറുകാരൻ നിർമാണം തുടങ്ങിയിരുന്നു.
അതെ നിലയിൽ ടാറിങ് തുടരുന്നതിനും രണ്ടാം റീച്ചിൽ ഉൾപ്പെടുന്ന വാവറയമ്പലം – കുന്നത്ത് ക്ഷേത്രം – പോത്തൻകോട് റോഡ് സഡക് പദ്ധതി കരാറുകാരനെ കൊണ്ട് നിർമാണം പൂർത്തിയാക്കാനും ധാരണയായി. പ്രദേശത്തെ ശുദ്ധജല പൈപ് ലൈനുകളും ഇലക്ട്രിക് പോസ്റ്റുകളും സമയബന്ധിതമായി മാറ്റി സ്ഥാപിച്ച് ടാറിങ് വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
