January 15, 2026

ചിറയിൻകീഴ്.ജില്ലയിലെ ലഹരി കടത്ത് സംഘത്തിലെ മുഖ്യ പ്രതിയെ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പെരുമാതുറ ഒറ്റപ്പന തെരുവിൽ പുറമ്പോക്കിൽ മാഹിനാണ് (30) പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി കഴക്കൂട്ടം, തുമ്പ, കഠിനംകുളം, ചിറയിൻകീഴ് മേഖലകൾ കേന്ദ്രീകരിച്ചു ആയിരുന്നു ഇയാൾ ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. കടലോര പ്രദേശങ്ങൾ ഒളിത്താവളങ്ങൾ ആയി തെരെഞ്ഞെടുത്ത് ലഹരി വ്യാപാരം നടത്തി വന്ന ഇയാളെ വളരെ നാളത്തെ ശ്രമ ഫലമായാണ് ഇപ്പോൾ പിടികൂടാനായത്. ചിറയിൻകീഴിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സിന്തറ്റിക്ക് ലഹരി വസ്തുവും ആയി പിടികൂടിയ ആളുടെ തുടരന്വേഷണത്തിൽ ആണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായത്.

ദേശീയ അന്വേഷണ ഏജൻസി ആയ എൻ സി ബി രണ്ട് വർഷം മുമ്പ് വാണിജ്യടിസ്ഥാനത്തിൽ ലഹരി വസ്തുക്കൾ കടത്തിയതിന് ഇയാളെ അറെസ്റ്റ്‌ ചെയ്തിരുന്നു. ജയിൽ മോചിതനായി ഇയാൾ വീണ്ടും ലഹരി വ്യാപരം തുടരുക ആയിരുന്നു. കൊറിയർ സർവ്വീസ് മുഖേന ആയിരുന്നു അന്ന് ഇയാൾ കേരളത്തിൽ ലഹരി എത്തിച്ചിരുന്നത്. മെത്താഫിറ്റമൈൻ, എൽ എസ്സ് ടി സ്റ്റാമ്പ്‌, കൊക്കയിൻ എന്നിവ എൻ സി ബി സംഘം ഇയാളിൽ നിന്നും പിടികൂടിയിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവി കെ. എസ്സ് സുദർശനൻ ഐ. പി. എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്സ്.പി കെ പ്രദീപ് ആറ്റിങ്ങൽ ഡി. വൈ. എസ്സ്. പി എസ്സ് മഞ്ജുലാൽ ചിറയിൻകീഴ് പോലിസ് ഇൻസ്‌പെക്ടർ വി. എസ്സ് വിനീഷ് ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർ എഫ്.ഫയാസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *