വിഴിഞ്ഞം∙ മീൻപിടുത്ത സീസൺ തിരക്കു തുടങ്ങിയ വിഴിഞ്ഞം ഹാർബർ ബെയ്സിനിൽ നിറയെ മാലിന്യം. പ്ലാസ്റ്റിക് സഞ്ചികൾ നിറച്ചു തള്ളിയ ഇറച്ചി മാലിന്യവും പ്ലാസ്റ്റിക് കുപ്പികളുമാണ് തുറമുഖ ബെയ്സിനിലെ വെള്ളത്തിൽ നിറഞ്ഞു കിടക്കുന്നത്. പഴയ വാർഫിലും സമീപത്തും മാലിന്യം നിറഞ്ഞിരിക്കുകയാണ്. പുലിമുട്ട് ഉള്ളതിനാൽ ബെയ്സിനുള്ളിൽ തിരയുടെ ആഘാതം കുറവാണ്.
അതിനാൽ ഈ മാലിന്യക്കൂമ്പാരം തീരത്തിനടുത്ത് തന്നെ തുടരുകയാണ്. തെരുവു നായ്ക്കളും കാക്കകളും ഇറച്ചി മാലിന്യം പുറത്തേക്കു വലിച്ചിട്ടു വലിയ ദുർഗന്ധവുമുണ്ട്. ഇതര തീരങ്ങളിൽ തിരയടി മൂലം കാരണം വള്ളം ഇറക്കാൻ കഴിയാത്തതിനാൽ മത്സ്യത്തൊഴിലാളികൾ ഈ മാസം മുതൽ ഹാർബർ സൗകര്യമുള്ള വിഴിഞ്ഞത്താണ് വള്ളങ്ങളുമായി എത്തിയിട്ടുള്ളത്.
മീൻപിടിത്ത സീസൺ കാലമായ ഇപ്പോൾ തുറമുഖത്ത് വള്ളങ്ങളുടെയും തൊഴിലാളികളുടെയും വലിയ സാന്നിധ്യമുണ്ട്. ഇവർക്കു മുന്നിലാണ് മാലിന്യം നിറഞ്ഞ കടൽ കാഴ്ച. കടലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളാണ് തീരത്തേക്ക് വലിയ തോതിൽ വന്നടിയുന്നത്. നഗരത്തിൽ നിന്നുള്ള ഹോട്ടൽ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ അറവ് മാലിന്യങ്ങളും കടലിൽ തള്ളുന്ന സ്ഥിതിയാണ്. പഴയ വാർഫ് പരിസരത്തു മദ്യ കുപ്പികളും വലിച്ചെറിഞ്ഞിട്ടുണ്ട്.
