January 15, 2026


പോത്തൻകോട്
 : ബുധനാഴ്ച രാത്രി പോത്തൻകോട് ജങ്ഷനിൽ തെരുവുനായയുടെ ആക്രമണത്തിൽ 20-ഓളം പേർക്ക് കടിയേറ്റു. സന്ധ്യയ്ക്ക് ഏഴുമണിയോടെ പോത്തൻകോട് ജങ്ഷനിൽനിന്ന് തുടങ്ങിയ ആക്രമണം ഒന്നരക്കിലോമീറ്റർ അകലെയുള്ള പൂലന്തറവരെ തുടർന്നു. നായയെ തെരുവുനായകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ കാവ ടീം വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിനു സമീപം ആനന്ദപുരത്തുനിന്ന് പിടികൂടി. വ്യാഴാഴ്ച രാവിലെ ഈ ഭാഗത്ത് രണ്ടു പേർക്ക് കടിയേറ്റിരുന്നു. തുടർന്ന് മാണിക്കൽ പഞ്ചായത്തംഗം സഹീറത്ത് ബീവി വിളിച്ചറിയച്ചാണ് കാവ ടീം എത്തി നായയെ പിടികൂടിയത്. നായയ്ക്കു പേവിഷബാധയുണ്ടോ എന്നു പരിശോധനയ്ക്കുശേഷമേ അറിയാനാകൂ. ബുധനാഴ്ച രാത്രി പോത്തൻകോട് ജങ്ഷൻ, മേലെ മുക്ക് ജങ്ഷൻ, പൂലന്തറ ജങ്ഷൻ എന്നിവിടങ്ങളിൽ നിന്നവർക്കാണ് നായയുടെ കടിയേറ്റത്. ഇതുവഴി ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്തവർക്കും കടിയേറ്റു. ഇവരിൽ മൂന്ന്‌ സ്ത്രീകളും ഒൻപതു മറുനാടൻ തൊഴിലാളികളും ഉൾപ്പെടുന്നു.

പോത്തൻകോട് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന്‌ നായ മേലേമുക്കുവഴി പൂലന്തറ ശാന്തിഗിരി ഭാഗത്തേക്കാണ് ഓടിയത്. എല്ലാവരുടെയും കാലിലാണ് കടിയേറ്റത്. കീഴായിക്കോണം ഫയർസ്റ്റേഷനിലെ ജീവനക്കാരി ബീന, മകളെ സ്കൂളിൽനിന്നു വിളിക്കാനായി രാത്രി ഏഴുമണിയോടെ പോത്തൻകോട് എത്തിയപ്പോഴാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

കാലിൽ കടിയേറ്റ ബീന ജനറൽ ആശുപത്രിയിൽ ചികിത്സതേടി. നാഷണൽ ലാബിൽനിന്ന് വീട്ടിലേക്കുപോകാൻ പുറത്തിറങ്ങിയപ്പോഴാണ് ചാത്തൻപാട് സ്വദേശിനി മിനിക്ക് കാലിൽ കടിയേറ്റത്. മറ്റെല്ലാവരും മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സതേടിയത്.

സംഭവം അറിഞ്ഞ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. അനിൽകുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി കടിയേറ്റവരുടെ ചികിത്സയ്ക്കായി വേണ്ട സഹായങ്ങൾ ചെയ്തു. റോഡിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന മറ്റു നായകൾക്ക് കടിയേറ്റിട്ടുണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

വെള്ളിയാഴ്ച രാവിലെ അഞ്ചരമണിമുതൽ പോത്തൻകോട് ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ തെരുവുനായകൾക്ക് പേവിഷത്തിനെതിരേ പ്രതിരോധ കുത്തിെവപ്പ്‌ നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ അറിയിച്ചു. ഒരു ദിവസം നിരവധി ആൾക്കാരെ അക്രമിച്ചതുകൊണ്ടാണ് ഇത്‌ ശ്രദ്ധയിൽപ്പെട്ടത്.

ദിവസവും ഈ ഭാഗത്ത് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടാകാറുണ്ട്. നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള എബിസി പദ്ധതി പരാജയപ്പെട്ടസ്ഥിതിക്ക് പ്രത്യേക ഷെൽട്ടർ സ്ഥാപിച്ച് തെരുവുനായ്ക്കളെ അടയ്ക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും മുൻ ഗ്രാമപ്പഞ്ചായത്തംഗവുമായ എം. ബാലമുരളി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *