വട്ടിയൂര്‍ക്കാവ്: സ്കൂള്‍ കുട്ടികളുമായി വന്ന വാന്‍ കുഴിയിലേയ്ക്ക് മറിഞ്ഞു. തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി. തിങ്കളാഴ്ച രാവിലെ 8.45 ഓടുകൂടി വട്ടിയൂര്‍ക്കാവ് മലമുകള്‍ സെന്റ് സാന്താള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുമായി വന്ന വാനാണ് സ്കൂളിനു സമീപം കുഴിയിലേയ്ക്ക് മറിഞ്ഞത്. വാനില്‍ 32 കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു. അപകടത്തില്‍ 30 ഓളം കുട്ടികള്‍ക്ക് നിസാര പരിക്കേറ്റതായി സമീപവാസികള്‍ പറഞ്ഞു. ആരുടെയും നില ഗുരുതരമല്ല. കൈയിലെ ചൂണ്ട് വിരലിന് നിസാര പരിക്കേറ്റ ആദം മുഹമ്മദിനെ (6) വട്ടിയൂര്‍ക്കാവിലുളള ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നടത്തി വിട്ടയച്ചു. സ്കൂളിലേയ്ക്ക് കുട്ടികളുമായി വന്ന സമാന്തര സര്‍വീസ് നടത്തുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സ്വകാര്യ വാഹനമായതിനാല്‍ സ്കൂള്‍ അധികൃതര്‍ വാഹനം തിരിക്കുന്നതിന് ഗേറ്റ് തുറന്നുകൊടുക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് സമീപവാസികള്‍ ആരോപിച്ചു. ഗേറ്റിനു പുറത്ത് കുട്ടികളുമായി വാഹനം തിരിക്കവേ വാഹനത്തിന്റെ ബ്രേക്ക് കേടാകുകയും ഇതോടൊപ്പം വീതി കുറഞ്ഞ സ്ഥലത്ത് മഴയില്‍ കുതിര്ന്നിരുന്ന മണ്ണ് ഇടിഞ്ഞതും വാഹനം ഏകദേശം 15 അടിയിലേറെ താഴ്ചയിലേയ്ക്ക് പതിക്കാന്‍ കാരണമായി. നിസാര പരിക്കേറ്റ 12 ഓളം കുട്ടികളെ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നടത്തിയ ശേഷം വിട്ടയച്ചു. സംഭവം അറിഞ്ഞ് വട്ടിയൂര്‍ക്കാവ് പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
