നെയ്യാറ്റിൻകര : നവീകരിച്ചും ശുചീകരിച്ചും കുളമാക്കി നഗരസഭയിലെ വെൺകുളം. ഏതാനും മാസങ്ങൾക്കുമുൻപ് പുല്ലു നീക്കിയ കുളം വീണ്ടും പുല്ലുപിടിച്ച് ഉപയോഗശൂന്യമായി.
നഗരസഭയിലെ കുളത്താമൽ വാർഡിലാണ് വെൺകുളമുള്ളത്. ജലസമൃദ്ധമായ കുളത്തിനെ നഗരസഭ നീന്തൽപരിശീലന കുളമാക്കാൻ പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ ഇപ്പോൾ ഈ കുളത്തിലേക്ക് ആർക്കും ഇറങ്ങാൻ കഴിയാത്തവിധം നാശത്തിന്റെ വക്കിലായിരിക്കുകയാണ്.
ഒരേക്കറിലേറെ വിസ്തൃതിയുള്ളതാണ് വെൺകുളം. അമരവിള-മാരായമുട്ടം റോഡ് വക്കിലാണ് വെൺകുളമുള്ളത്. നഗരസഭയിലെ കുളത്താമൽ വാർഡിലാണെങ്കിലും ചായ്ക്കോട്ടുകോണം, തവരവിള വാർഡുകളുടെ അതിർത്തിയിലാണ് കുളം. ഈ കുളത്തെ മൂന്ന് വാർഡ് പ്രദേശത്തുള്ളവർ കുളിക്കാനും തുണികൾ കഴുകാനും ആശ്രയിക്കുന്നു.
നാലുവർഷംമുൻപ് നഗരസഭ കുളംവറ്റിച്ച് ചെളി നീക്കിത്തുടങ്ങി. എന്നാൽ കുളത്തിലെ കളിമണ്ണു നീക്കുന്നതിൽ അഴിമതി ആരോപണം ഉയർന്നതോടെ പിന്നെ പണി ഉപേക്ഷിച്ചു. ഇതിനൊപ്പം കുളിക്കടവ് നിർമിച്ചുകൊണ്ടിരുന്നത് പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
കുളത്തിൽ ആഫ്രിക്കൻ പായൽ വളർന്നു. ഇത് നാട്ടുകാരുടെ ശ്രമഫലമായി നീക്കംചെയ്തു. പിന്നീട് കുളത്തിൽ വലിയ പുല്ലുവളർന്നുമൂടുന്ന സ്ഥിതിയുണ്ടായി. ഇതോടെ നഗരസഭ പുല്ലു നീക്കി.
എന്നാൽ നീക്കിയ പുല്ല് കുളത്തിന്റെ വക്കിൽ ഉപേക്ഷിച്ചുപോയി. മഴക്കാലമായതോടെ ഈ പുല്ലെല്ലാം വീണ്ടും കുളത്തിലായി. ഇപ്പോൾ കുളം പൂർണമായും പുല്ലുമൂടിയനിലയിലാണ്.
മരുതത്തൂർ, ചായ്ക്കോട്ടുകോണം ഏലാകളിൽ ജലസേചനത്തിനായി കർഷകർ ആശ്രയിച്ചിരുന്ന ഈ കുളം കർഷകർക്ക് ഉപകാരപ്രദമല്ലാതായിത്തീർന്നു. നഗരസഭ നേരത്തേ പ്രഖ്യാപിച്ച നീന്തൽക്കുളം പദ്ധതിയും കുട്ടികളുടെ പാർക്ക് നിർമാണവും ഉപേക്ഷിച്ചനിലയിലാണ്. നവീകരിച്ചാൽ നാട്ടുകാർക്ക് ഉപകാരപ്രദമാകുമായിരുന്ന കുളം ഇപ്പോൾ നാട്ടുകാർക്ക് രോഗം പകർത്തുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്.
കുളം പലതവണ നവീകരിച്ചെങ്കിലും ശോചനീയാവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാനായില്ല. കുളത്തിൽ സ്വിമ്മിങ്പൂൾ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞെങ്കിലും അതും നടപ്പിലാക്കിയില്ല.
വെൺകുളത്തിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ബിജെപി നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ എം. ഷിബുരാജ്കൃഷ്ണ പറഞ്ഞു.
