വില്ലേജ് ഓഫീസുകളിൽ അധിക തസ്തികകൾ അനുവദിക്കണമെന്നും തീരുമാനങ്ങൾ എടുക്കുന്നതിന് താഴെത്തട്ടിലുള്ള ഓഫീസുകൾക്ക് കൂടുതൽ അധികാരം കൈമാറുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) നെടുമങ്ങാട് താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജോലിഭാരത്തിന് അനുസൃതമായും ജനസംഖ്യാനുപാതികമായും താലൂക്കുകളെയും വില്ലേജുകളെയും വിഭജിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ സംവിധാനം പുന:സ്ഥാപിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ്-സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
2026 ജനുവരി 7,8,9 തീയതികളിൽ തൊടുപുഴയിൽ നടക്കുന്ന കെ.ആർ.ഡി.എസ്.എ 36ാം വാർഷിക സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച താലൂക്ക് സമ്മേളനം വി.ആർ ബീനാമോൾ നഗറിൽ (കെഎസ്എച്ച്ബി ആഡിറ്റോറിയം) കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിനോദ് വി. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് ഷിബു ജെ.കെ അധ്യക്ഷത വഹിച്ചു.
കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അർ.എസ് സജീവ്, ജി.അനിൽകുമാർ, ജില്ലാ സെക്രട്ടറി എസ്.ജയരാജ്, ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റി അംഗം ജെ.രമേശ്ബാബു, കെആർഡിഎസ്എ ജില്ലാ കമ്മിറ്റി അംഗങ്ങളായ അനുമോദ് കൃഷ്ണൻ, ആർ.വി രാജ്മോഹൻ, താലൂക്ക് കമ്മിറ്റി ഭാരവാഹികളായ ആര്യ എസ്.ആർ, ആകാശ് എം.എസ്, ദേവി ജെ.എസ്, സുഭാഷ് എ.പി എന്നിവർ സംസാരിച്ചു.
കെ.ആർ.ഡി.എസ്.എ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി ഭാരവാഹികളായി ദേവി ജെ.എസ് (പ്രസിഡന്റ്), ബിഞ്ജുജാൻ (സെക്രട്ടറി), സുഭാഷ് എ.പി (വൈസ് പ്രസിഡന്റ്), സ്മൃതി വേണുഗോപാൽ (ജോയിന്റ് സെക്രട്ടറി),
ആകാശ് പി.എസ് (ട്രഷറർ) എന്നിവരെയും താലൂക്ക് വനിതാ കമ്മിറ്റി ഭാരവാഹികളായി സെലീന.പി (പ്രസിഡന്റ് ), പ്രിയ കെ.ജെ (സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
