January 15, 2026

തിരുവനന്തപുരം ∙ ട്രെയിനിൽനിന്ന് അക്രമി ചവിട്ടി വീഴ്ത്തിയ ശ്രീക്കുട്ടിയു‌‌‌‌ടെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും അമ്മ പ്രിയദർശിനി പറഞ്ഞു. ഇന്നലെ രാവിലെ പ്രിയദർശിനിയും സഹോദരി മിനിയും ശ്രീക്കുട്ടിയെ കണ്ടു. മിനി പേരു വിളിച്ചപ്പോൾ മകൾ കണ്ണുകൾ അനക്കിയെന്നു പ്രിയദർശിനി പറഞ്ഞു. വൈകിട്ടോടെ വീണ്ടും സിടി സ്കാനിനു വിധേയയാക്കി.

കഴിഞ്ഞ ദിവസം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആശുപത്രി മാറ്റണമെന്നും പ്രിയദർശിനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന ചികിത്സയിൽ തൃപ്തിയുണ്ടെന്നു പ്രിയദർശിനി പറഞ്ഞു. മകൻ ശ്രീഹരിയും അടുത്ത ബന്ധുക്കളുമാണു പ്രിയദർശിനിക്കൊപ്പം ആശുപത്രിയിലുള്ളത്. 

തിരുവനന്തപുരം ∙ ട്രെയിനിൽനിന്നു വീണ യാത്രക്കാരിയെ കണ്ടെത്തുകയും കുറഞ്ഞ സമയത്തിനുള്ളിൽ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്ത ലോക്കോപൈലറ്റ് എൻ.വി.മഹേഷിന് അഭിനന്ദനപ്രവാഹം. വർക്കലയ്ക്കടുത്ത് ശ്രീക്കുട്ടിയെ തള്ളിയിട്ട സമയം എതിർദിശയിൽ വന്ന കന്യാകുമാരി– കൊല്ലം മെമുവിലെ ലോക്കോപൈലറ്റാണു മഹേഷ്. കടയ്ക്കാവൂർ എത്തിയപ്പോഴാണു യാത്രക്കാരി വീണെന്ന സന്ദേശം ലഭിച്ചത്. ‌

തുടർന്ന് ട്രെയിൻ വേഗം കുറച്ചാണു പോയത്. വർക്കലയ്ക്കു സമീപം 2 ട്രാക്കുകൾക്കും ഇടയിലായി കമഴ്ന്നു രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തി. പൊലീസും നാട്ടുകാരും ആ സമയം സ്ഥലത്തെത്തി. എല്ലാവരും ചേർന്നു പെൺകുട്ടിയെ ട്രെയിനിന്റെ ആദ്യ കോച്ചിൽ കിടത്തി വർക്കല സ്റ്റേഷനിൽ എത്തിച്ചു. അവിടെ നിന്ന്  ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കേരള എക്‌സ്പ്രസിൽനിന്നു പെൺകുട്ടിയെ പുറത്തേക്കു ചവിട്ടിവീഴ്ത്തിയത് പുകവലി ചോദ്യംചെയ്തതിന്റെ പേരിലെന്നു റിമാൻഡ് റിപ്പോർട്ട്. വർക്കലയ്ക്കടുത്തുവച്ച് പുകവലിച്ചുകൊണ്ട് അടുത്തേക്കെത്തിയ ഇയാളോട് ‘മാറിനിന്നില്ലെങ്കിൽ പരാതിപ്പെടും’ എന്നു ശ്രീക്കുട്ടിയും കൂട്ടുകാരി അർച്ചനയും പറഞ്ഞു. പ്രകോപിതനായ സുരേഷ് ശ്രീക്കുട്ടിയെ (19) ആക്രമിച്ചു. ഇതുകണ്ടു നിലവിളിച്ച അർച്ചനയെയും ചവിട്ടിയെങ്കിലും സുരേഷിന്റെ കാലിലും ഡോറിലും പിടിച്ചു തൂങ്ങിക്കിടന്നതിനാൽ രക്ഷപ്പെട്ടു.

വധശ്രമം അടക്കം 6 വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നിർണായക സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച കോട്ടയം അതിരമ്പുഴയിലെയും നാഗമ്പടത്തെയും 2 ബാറുകളിൽ മദ്യപിച്ച ശേഷമാണ് സുരേഷ് സുഹൃത്തിനൊപ്പം കേരള എക്സ്പ്രസിന്റെ പിന്നിലെ ജനറൽ കോച്ചിൽ കയറിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്രീക്കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. അണുബാധയോ മറ്റു പ്രശ്നങ്ങളോ ഇല്ല. മരുന്നുകൾ വേഗത്തിൽ ഫലിക്കുമെന്നാണു വിലയിരുത്തൽ.

കോട്ടയം ∙ കേരള എക്സ്പ്രസിൽനിന്നു തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടിയെ (19) ചവിട്ടി പുറത്തേക്കിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി സുരേഷ് കുമാർ ട്രെയിനിൽ കയറിയതു കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നാണെന്നു കണ്ടെത്തി. കോട്ടയം സ്റ്റേഷനിൽനിന്ന് എടുത്ത ലോക്കൽ ടിക്കറ്റ് പ്രതിയുടെ കൈയിൽനിന്നു ലഭിച്ചെന്നാണു വിവരം.

ട്രെയിനിന്റെ പിന്നിലെ ജനറൽ കോച്ചിൽ നിന്നാണു പ്രതി ശ്രീക്കുട്ടിയെ തള്ളിയിട്ടത്. കോട്ടയം സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണു തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ എത്തുന്നത്. പ്ലാറ്റ്ഫോമിന്റെ അവസാന ഭാഗത്താണു ജനറൽ കോച്ച് നിൽക്കുന്നത്. ഈ ഭാഗത്തുനിന്നു ട്രെയിനിൽ കയറുന്നവരെ നിരീക്ഷിക്കാൻ ഒരു സിസിടിവി ക്യാമറ മാത്രമാണുള്ളത്. ഇതിൽ സുരേഷിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയിൽ ദൃശ്യങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണു വിവരം. പ്രതി എന്തിനു കോട്ടയത്തെത്തി എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.കോട്ടയം സ്റ്റേഷനിൽ നിന്നാണു താൻ കയറിയതെന്നു പ്രതി മൊഴി നൽകിയിരുന്നു.

തിരുവനന്തപുരം ∙ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന ശക്തമാക്കാൻ റെയിൽവേ സുരക്ഷാസേനയും കേരള റെയിൽവേ പൊലീസും ചേർന്ന് നടപടികൾ തുടങ്ങിയതായി തിരുവനന്തപുരം ഡിവിഷൻ അധികൃതർ.ഓരോ ട്രെയിനിലെയും സാഹചര്യം വിലയിരുത്തി സുരക്ഷ കൂട്ടും. എസ്കോർട്ട് ഡ്യൂട്ടി കാര്യക്ഷമമാണോയെന്ന് ആർപിഎഫ് ഇൻസ്പെക്ടർമാർ പരിശോധിക്കും. ഇൻസ്പെക്ടർമാരും ട്രെയിനിൽ എസ്കോർട്ട് ഡ്യൂട്ടി ചെയ്യും. ആർപിഎഫ് ഇന്റലി‍ജൻസ് വിഭാഗം മറ്റ് ഇന്റലിജൻസ് ഏജൻസികളുമായി സഹകരിച്ചു കുറ്റകൃത്യങ്ങൾ തടയും.

വനിതാ ആർപിഎഫ് ഉദ്യോഗസ്ഥരുള്ള ‘മേരി സഹേലി ടീം’ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുമായി സംസാരിക്കുകയും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ആർപിഎഫ് കൺട്രോൾ രാത്രികാല ട്രെയിൻ സർവീസുകളിൽ കൂടുതൽ ശ്രദ്ധിക്കുകയും കേരള റെയിൽവേ പൊലീസും ഫീൽഡ് യൂണിറ്റുകളുമായി ചേർന്നു സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. അനധികൃത യാത്രക്കാർക്കെതിരെയും വാതിൽപ്പടിയിൽ യാത്ര ചെയ്യുന്നവർക്കെതിരെയും നടപടിയെടുക്കും ദിവസവും 105 ആർപിഎഫ് ഉദ്യോഗസ്ഥരും 57 റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും ഡിവിഷനിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി ജോലി ചെയ്യുന്നുണ്ടെന്നും റെയിൽവേ അറിയിച്ചു. 315 കോച്ചുകളിൽ സിസിടിവി ക്യാമറകളുണ്ട്.യാത്രയ്ക്കിടയിൽ അസ്വാഭാവികമായി ആളുകൾ പെരുമാറുന്നതു ശ്രദ്ധയിൽപ്പെട്ടാൽ 139ൽ വിവരം നൽകാം.

Leave a Reply

Your email address will not be published. Required fields are marked *