January 15, 2026

നെടുമങ്ങാട് ∙ പൈതൃക കൂടാരം ഒരുക്കി, അപൂർവ വസ്തുക്കളുടെ ശേഖരണവുമായി കൃഷി വകുപ്പ് അസിസ്റ്റന്റ് കൃഷി ഓഫിസർ. നെടുമങ്ങാട് നഗരസഭയിലെ മന്നൂർക്കോണത്തെ പൈതൃക കൂടാരം എന്ന പഴയ വീട്ടിലാണ് വലിയമല കൂടാരത്തിൽ വലിയമല സുരേഷിന്റെ ഈ അപൂർവ ശേഖരം. ആലപ്പുഴ എഴുപുന്നയിൽ അസിസ്റ്റന്റ് കൃഷി ഓഫിസറായി ജോലി ചെയ്യുകയാണ് സുരേഷ്.

നാല് തലമുറകളോളം പഴക്കം ചെന്ന ഒട്ടേറെ കൃഷി, ഗാർഹിക ഉപകരണങ്ങൾ, പാചകത്തിന് ഉപയോഗിച്ചിരുന്ന മൺപാത്രങ്ങൾ, ചെമ്പ്, ഓട്ടുപാത്രങ്ങൾ, മര ഉരൽ അടക്കമുള്ള വിവിധ തരം ഉരലുകൾ, ഒട്ടേറെ അമ്മികൾ, തിരുവകല്ലുകൾ, കിണ്ടി, വ്യത്യസ്തങ്ങളായ ഒട്ടേറെ നിലവിളക്കുകൾ, മണ്ണെണ്ണ വിളക്കുകൾ, റാന്തലുകൾ, പെട്രോൾ മാക്സുകൾ, വിവിധ തരം സ്റ്റൗകൾ, മരത്തിലുള്ള പാത്രങ്ങൾ തുടങ്ങിയവയെല്ലാം സുരേഷ് ശേഖരത്തിൽ ഉണ്ട്. പഴയകാല പ്രമാണങ്ങൾ, നാണയങ്ങൾ, മന്നുകല്ലുകൾ, വെള്ളിക്കോലുകൾ, വിവിധതരം ത്രാസുകൾ, കൈകൊണ്ട് കറക്കുന്ന ഗ്രൈൻഡർ മുതൽ പഴയ റേഡിയോകൾ വരെ ഇവിടെ ഉണ്ട്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ചതാണ് ഇൗ അപൂർവ വസ്തുക്കൾ. സുഹൃത്തുക്കളും നാട്ടുകാരും നൽകിയവയും ഉണ്ട്.‌

സ്കൂൾ വിദ്യാർഥികളും നാട്ടുകാരും പുരാവസ്തുക്കൾ കാണാൻ എത്തുന്നുണ്ട്. ഉടൻ തന്നെ ഈ സ്ഥലം മ്യൂസിയം ആയി പ്രഖ്യാപിച്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നതാണ് സുരേഷിന്റെ ആഗ്രഹം. പഴയ ജീവിത രീതികൾ മാറിയെങ്കിലും അന്നത്തെ സാധനങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി ആണ് പൈതൃക കൂടാരം ഒരുക്കിയതെന്ന് സുരേഷ് പറഞ്ഞു. ഭാര്യ: പി.രമാദേവി. മക്കൾ: എസ്.അഭിജിത്ത്, എസ്.അഭിഷേക്. മരുമകൾ എസ്.ഗിരിധരി എന്നിവരുടെ പിന്തുണയിലാണ് സുരേഷിന്റെ ഇൗ അപൂർവ പുരാവസ്തു ശേഖരം.

Leave a Reply

Your email address will not be published. Required fields are marked *