പോത്തൻകോട്∙ മംഗലപുരം ജംക്ഷനിൽ പൊലീസിനെ വെട്ടിച്ചു പാഞ്ഞ കാർ വഴിയരികിൽ നിർത്തിയിട്ടിരുന്ന 2 കാറുകളും കടകളും ഇടിച്ചു തകർത്തു. നിർത്തിയിട്ട കാറിലുണ്ടായിരുന്ന യുഡിഎഫ് സോഷ്യൽമീഡിയ ചുമതലക്കാരൻ ചിറയിൻകീഴ് സ്വദേശി റാഫി സുധീറിന് (28) പരുക്കേറ്റു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കിഴുവിലം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി, കാറിനു പുറത്തുനിൽക്കുകയായിരുന്ന മുട്ടപ്പലം സജിത്ത് തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
മദ്യപിച്ചു ലക്കുകെട്ട നിലയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഡ്രൈവർ ചിറയിൻകീഴ് സ്വദേശി അൻസലിനെതിരെ കേസെടുത്തു. അപകടമുണ്ടാക്കിയ കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു.പ്രദേശവാസിയെ അൻസൽ കയ്യേറ്റം ചെയ്തതോടെ ആളുകൾ കാറിലുണ്ടായിരുന്നവരെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.ഞായർ രാത്രി 6.40ന് ആയിരുന്നു അപകടം. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന മൂന്നു പേരായിരുന്നു കാറിൽ.
