January 15, 2026

തിരുവനന്തപുരം : ബലാത്സംഗം, നിർബന്ധിതവും അശാസ്‌ത്രീയവുമായ ഗർഭഛിദ്രം കേസുകളിൽ ഒളിവിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎ മാങ്കൂട്ടത്തിലിനെ ബാംഗ്ലൂരിൽ എത്തിച്ച ഡ്രൈവറും സഹായിച്ച ഹോട്ടൽ ഉടമയും പിടിയിൽ. ഇരുവരെയും രഹസ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം അന്വേഷണ സംഘം ചോദ്യം ചെയ്യൽ ആരംഭിച്ചതായി സൂചന. മാങ്കൂട്ടത്തിലിനെ ബാംഗ്ലൂർ എത്തിച്ച ശേഷം എവിടേക്ക് പോയി, ആരുടെയൊക്കെ സഹായം ഇതിനായി ലഭിച്ചിട്ടുണ്ട് എന്നതടക്കമുള്ള വിവരങ്ങളാണ് ഇവരിൽ നിന്നറിയാനുള്ളത്. ബംഗളൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

കർണാടകയിൽ ഒളിവിൽ കഴിയാൻ അവിടുത്തെ കോൺഗ്രസ്‌ നേതാക്കളാണ്‌ സഹായിക്കുന്നതെന്നും സംസ്ഥാനത്തെ ഒരു നേതാവാണ്‌ ഇതിനെ ഏകോപിപ്പിക്കുന്നതെന്നുമുള്ള വിവരം മുൻപ് പുറത്തുവന്നിരുന്നു.

മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വാദം ഇന്നും തുടരുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിച്ചത്. അടച്ചിട്ട കോടതിമുറിയിലാണ് ഇന്നലെ വാദം കേട്ടത്. സ്വകാര്യത മാനിച്ച് പ്രോസിക്യൂഷനും പ്രതിഭാഗവും ഒരേ ആവശ്യം ഉന്നയിച്ചതോടെയായിരുന്നു തീരുമാനം.

ബലാത്സം​ഗത്തിനും ഗർഭഛിദ്രത്തിനും തെളിവുണ്ടെന്ന് പറഞ്ഞ പ്രോസിക്യൂഷൻ രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്തിരുന്നു. പ്രതിക്കെതിരെ നിരന്തരം സമാന പരാതികൾ ഉയരുന്നുണ്ട്. പ്രതിയെ ജാമ്യത്തിൽവിട്ടാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ പരാതി രാഷ്ട്രീയ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നും പൊതു ജീവിതം നശിപ്പിക്കാനാണ് നീക്കമെന്നും കോടതിയിൽ രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ​ഗർഭഛിദ്രവും ബലാത്സം​ഗവും നടന്നെന്ന വാദം പ്രതിഭാ​ഗം തള്ളി.

Leave a Reply

Your email address will not be published. Required fields are marked *