നെയ്യാറ്റിൻകര : വീടു പണിയാനായി സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപ ബസ് യാത്രയ്ക്കിടെ നഷ്ടമായപ്പോൾ മുരുക്കുംപുഴ സ്വദേശി ഹമീദ് കുട്ടി ആകെ തകർന്നുപോയതാണ്. യാത്രചെയ്ത കെഎസ്ആർടിസി ബസ് ഏതാണെന്നറിയാതെ വിഷമിച്ച അദ്ദേഹത്തിന് കെഎസ്ആർടിസി അധികൃതർ സഹായഹസ്തവുമായി എത്തിയപ്പോൾ നഷ്ടപ്പെട്ട പണം ബസിൽനിന്നു കണ്ടെത്തി. അധികം വൈകാതെ പണം ഹമീദ് കുട്ടിക്കു തിരികെ നൽകി കെഎസ്ആർടിസി ജീവനക്കാരും ബസിലെ കണ്ടക്ടർ വൈ.എൽ.അജയ് കിരണും മാതൃക കാട്ടി.
െനയ്യാറ്റിൻകര ഡിപ്പോയിലെ നെയ്യാറ്റിൻകര-തിരുവല്ലം-കിഴക്കേക്കോട്ട-വെട്ടുകാട് റൂട്ടിലുള്ള ബസിൽ തിരുവല്ലത്തുനിന്നാണ് ഹമീദ് കുട്ടി കയറിയത്. മകന്റെ ഗൾഫ് യാത്രയ്ക്കായുള്ള കാര്യത്തിന് തിരുവല്ലത്തെതിയതായിരുന്നു. കിഴക്കേക്കോട്ടയിൽ ഇറങ്ങി അരമണിക്കൂറോളം കഴിഞ്ഞാണ് പണം നഷ്ടമായ വിവരം ഹമീദ് കുട്ടിക്കു മനസ്സിലായത്. യാത്രചെയ്ത ബസ് ഏതാണെന്ന് അദ്ദേഹത്തിന് അറിയുകയുമില്ലായിരുന്നു.
ആകെ വിഷമത്തിലായ ഹമീദ് കുട്ടി നിലവിളിച്ചുകൊണ്ട് കെഎസ്ആർടിസിയുടെ കിഴക്കേക്കോട്ട സ്റ്റേഷൻ മാസ്റ്റർ ഓഫീസിലെത്തി. ഹമീദിന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റിൽനിന്നാണ് ഡ്യൂട്ടി സ്റ്റേഷൻമാസ്റ്റർ ബസ് കണ്ടെത്തി കണ്ടക്ടറെ ഫോണിൽ ബന്ധപ്പെട്ടത്. ബസിലെ കണ്ടക്ടർ വൈ.എൽ.അജയ് കിരൺ നടത്തിയ പരിശോധനയിൽ സീറ്റിനു താഴെ മടക്കിെവച്ച ഒരു പ്ലാസ്റ്റിക് കവർ കിടക്കുന്നതു കണ്ടെത്തി. കവറിൽ ഒരുലക്ഷം രൂപ ഉണ്ടായിരുന്നു.
ഉടനടി കണ്ടക്ടർ വിവരം ഫോണിലൂടെ കിഴക്കേക്കോട്ട യൂണിറ്റിൽ അറിയിച്ചു. സിറ്റി എടിഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥമേധാവികൾ തെളിവുകളിലൂടെ, ഹമീദ് കുട്ടിയുടെ ഒരു ലക്ഷം രൂപയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കി.
വൈകീട്ട് വെട്ടുകാടിൽനിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള ട്രിപ്പിൽ സിറ്റി യൂണിറ്റിൽെവച്ച് എടിഒ സി.പി.പ്രസാദിന്റെ സാന്നിധ്യത്തിൽ കണ്ടക്ടർ അജയ് കിരൺ, ഹമീദ് കുട്ടിക്ക് രൂപ കൈമാറി. ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ബി.വൈ.രാജേഷ്, സ്റ്റേഷൻ മാസ്റ്റർ എൻ.കെ.രഞ്ജിത്ത്, വെഹിക്കിൾ സൂപ്പർവൈസർ രാജേന്ദ്രൻ, ബിടിസി കോഡിനേറ്റർ കെ.ബിനുകുമാർ, ജിനേഷ്, സിറാജ് എന്നിവർ പങ്കെടുത്തു.
