നെയ്യാറ്റിൻകര : നാലരപ്പതിറ്റാണ്ടുമുൻപ് റെയിൽപ്പാത സ്ഥാപിക്കാനായി നാരായണപുരം-നടൂർക്കൊല്ല റോഡ് വെട്ടിമുറിച്ച റെയിൽവേ, പാത ഇരട്ടിപ്പിക്കൽ പൂർത്തിയായപ്പോൾ ഇരുവശത്തും കമ്പിവേലി സ്ഥാപിച്ച് വഴി പൂർണമായും അടച്ചു. ഇതോടെ അമരവിളയിൽനിന്ന് നാരായണപുരം, നടൂർക്കൊല്ല, ഓണംകോട് വഴി മഞ്ചവിളാകത്തേക്കുള്ള ഇരുചക്ര വാഹനങ്ങളുടെയും കാൽനടക്കാരുടെയും യാത്ര തടസ്സപ്പെട്ടു.
1979-ലാണ് തിരുവനന്തപുരം-നാഗർകോവിൽ റെയിൽപ്പാത നിർമിക്കാനായി അമരവിളയിൽനിന്ന് നാരായണപുരം, നടൂർക്കൊല്ല, ഓണംകോട് വഴി മഞ്ചവിളാകത്തേക്കുള്ള റോഡ് വെട്ടിമുറിച്ചത്. റോഡ് വെട്ടിമുറിക്കുമ്പോൾ നാലരപ്പതിറ്റാണ്ട് മുൻപ് റെയിൽവേ അധികൃതർ നാട്ടുകാർക്ക് ഇവിടെ മേൽപ്പാലമോ, നടപ്പാലമോ നിർമിക്കുമെന്ന് വാക്കുനൽകിയിരുന്നു.
റെയിൽവേ അന്നുനൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് റോഡ് വെട്ടിമുറിച്ച് റെയിൽപ്പാത നിർമിക്കാൻ നാട്ടുകാർ അനുമതി നൽകിയത്.
മേൽപ്പാലമോ, നടപ്പാലമോ നിർമിക്കാതെ റെയിൽപ്പാത സ്ഥാപിക്കാൻ അന്ന് നാട്ടുകാർ സമ്മതിക്കാതെ പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയിരുന്നു. റെയിൽപ്പാത നിർമാണം തടസ്സപ്പെടുമെന്ന സ്ഥിതിയായതോടെ നാട്ടുകാർക്കായി മേൽപ്പാലം നിർമിക്കാമെന്ന് അന്ന് റെയിൽവേ അധികൃതർ ഉറപ്പുനൽകി.
ഇതിനിടയിൽ പലപ്പോഴായി നാട്ടുകാർ മേൽപ്പാലമോ, നടപ്പാലമോ വേണമെന്ന ആവശ്യവുമായി റെയിൽവേ അധികൃതരെ സമീപിച്ചിരുന്നു.
അപ്പോഴെല്ലാം നടപ്പാലമെങ്കിലും നിർമിക്കുമെന്ന ഉറപ്പാണ് റെയിൽവേ അധികൃതർ നാട്ടുകാർക്കു നൽകിയത്. നാല്പത്തിയാറു വർഷത്തിനുശേഷം തിരുവനന്തപുരം-കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കൽ നടക്കുകയാണ്.
അപ്പോഴെങ്കിലും മേൽപ്പാലം നിർമിക്കുമെന്ന വിശ്വാസത്തിലായിരുന്നു നാട്ടുകാർ.
എന്നാൽ, മേൽപ്പാലം നിർമിക്കാതെ റെയിൽവേപാത കടന്നുപോകുന്ന റോഡിന്റെ ഇരുവശത്തുമായി തൂണുകൾ നിരത്തി വാഹന, കാൽനടയാത്ര തടസ്സപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.
നാരായണപുരം-നടൂർക്കൊല്ല റോഡിൽ റെയിൽവേ മേൽപ്പാലമോ, നടപ്പാലമോ നിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ റെയിൽവേ അധികൃതരെ പലപ്പോഴായി കണ്ട് നിവേദനം നൽകി.
ആവശ്യം പരിഗണിക്കാതായതോടെ നാട്ടുകാർ കർമസമിതി രൂപവത്കരിച്ചു.
കർമസമിതി കേന്ദ്രമന്ത്രി, റെയിൽവേ മന്ത്രാലയം, എംപി, എംഎൽഎ എന്നിവർക്കെല്ലാം നിവേദനം നൽകി. അപ്പോഴെല്ലാം നടപ്പാലമെങ്കിലും പരിഗണിക്കുമെന്ന് റെയിൽവേ ഉറപ്പുനൽകിയിരുന്നു.
പക്ഷേ, റോഡ് അടയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിനെതിരേ നാട്ടുകാർ പ്രതിഷേധസമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
നടപ്പാലമെങ്കിലും വേണം
നാല്പത്തിയാറുവർഷം മുൻപ് നാട്ടുകാരുടെ ആവശ്യമായിരുന്നു നാരായണപുരം-നടൂർക്കൊല്ല റോഡിൽ റെയിൽവേ മേൽപ്പാലമെന്നത്. ഇപ്പോൾ പാതയിരട്ടിപ്പിക്കൽ ജോലികൾ അവസാനഘട്ടത്തിലാണ്. എന്നിട്ടും റെയിൽവേ നാട്ടുകാരുടെ ആവശ്യം പരിഗണിക്കുന്നില്ല. കുറഞ്ഞപക്ഷം ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകുന്നതിനായി നടപ്പാലമെങ്കിലും നിർമിക്കാൻ റെയിൽവേ തയ്യാറാകണം.
മേൽപ്പാലമോ, നടപ്പാതയോ നിർമിക്കാതെ റെയിൽവേ പിൻമാറുന്നതെങ്കിൽ നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ സമരത്തിന് കർമസമിതി മുന്നിട്ടിറങ്ങും. നാല്പത്തിയാറുവർഷം മുൻപ് നാട്ടുകാർക്ക് നൽകിയ ഉറപ്പുപാലിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. ഇപ്പോൾ നടപ്പാലംപോലും നിർമിക്കാതെ റോഡിന് ഇരുവശത്തും റെയിൽവേ വേലിതീർത്തിരിക്കുകയാണ്. ഇതിനെതിരേ നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് കർമസമിതി രൂപം നൽകും.
