തിരുവനന്തപുരം : ശബരിമലയിലെ സ്വർണപ്പാളിക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാറിന്റെ അറസ്റ്റ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന്. സ്വർണപ്പാളി കൈമാറിയ ഭരണസമിതിയിലെ ഒരാളെമാത്രം അറസ്റ്റുചെയ്തത് ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിലാണ് വിജയകുമാറിനും ശങ്കരദാസിനുമെതിരേ പ്രത്യേകാന്വേഷണസംഘം നീങ്ങിയത്.
ദ്വാരപാലകശില്പങ്ങളിലും കട്ടിളപ്പാളികളിലും സ്വർണമുണ്ടെന്നു ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും വ്യക്തമായ ധാരണയുണ്ടായിരിക്കെ ചെമ്പെന്നു രേഖപ്പെടുത്തി കൈമാറിയെന്നാണ് കുറ്റം. കൂട്ടുത്തരവാദിത്വമാണ് വിജയകുമാറിന്റെ അറസ്റ്റിലേക്കും നീങ്ങിയത്. ജില്ലാക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും മാനസികസമ്മർദം താങ്ങാൻവയ്യാത്തതിനാൽ കീഴടങ്ങുന്നുവെന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അതിനു നിർദേശിച്ചതായും വിജയകുമാർ പറഞ്ഞു.
വിജയകുമാറിന്റെ അറസ്റ്റോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലാണ്. അന്നത്തെ ഭരണസമിതിയിലെ ശക്തനായ സിപിഎം വക്താവായിരുന്നു വിജയകുമാർ. വിവരാവകാശ കമ്മിഷൻ മുൻ സെക്രട്ടറിയായിരുന്ന അദ്ദേഹം സിപിഎം പോഷകസംഘടനയായ പട്ടികജാതി ക്ഷേമസമിതിയുടെ ജില്ലാ പ്രസിഡന്റായിരുന്നു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹിയുമായിരുന്നു.
