മാറനല്ലൂർ : പതിവായുള്ള പൈപ്പ് പൊട്ടലും, മാസങ്ങൾക്ക് മുൻപ് ആരംഭിച്ച പൈപ്പിടൽ ജോലികൾ പൂർത്തിയാക്കാൻ കഴിയാത്തതും മാറനല്ലൂർ-അണപ്പാട് റോഡിലൂടെയുള്ള യാത്ര ബുദ്ധിമുട്ടിലാക്കുന്നു. പൈപ്പിട്ട സ്ഥലങ്ങളിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നതും, പലയിടത്തായി മാൻഹോൾ സ്ഥാപിക്കുന്നതിനുവേണ്ടി കുഴിയെടുത്തിട്ടിരിക്കുന്നതും നിരന്തരമുള്ള അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. പൈപ്പ് സ്ഥാപിച്ച പലയിടങ്ങളിലും സ്ഥിരമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
. പൈപ്പ് പൊട്ടുന്നതോടുകൂടി പ്രദേശത്തുള്ള ജലവിതരണവും നടക്കുന്നില്ല. പൈപ്പ് പൊട്ടിയൊഴുകുന്നത് പലതവണ അധികൃതരെ അറിയിച്ചെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താൻ എത്താറില്ലെന്നാണ് നാട്ടുകാരുടെ പരാതി. സ്വകാര്യ കോളേജും, സ്‌കൂളും സ്ഥിതിചെയ്യുന്ന റോഡിൽ തിരക്കായത് കാരണം ഗതാഗതക്കുരുക്കും രൂക്ഷമാകും. വീതികുറഞ്ഞ റോഡിനു വശത്തായി പൈപ്പ് സ്ഥാപിക്കുകയും മണ്ണു മാത്രം കൂട്ടിയിട്ട് കുഴികൾ അടയ്ക്കുകയുമാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. ഇതു കാരണം കാൽനടയാത്രക്കാർക്ക് പലപ്പോഴും റോഡിലൂടെയാണ് നടക്കേണ്ടിവരുന്നത്. ഇതും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
