കരകുളം : ഒരുമാസമായി പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴായിട്ടും പ്രശ്നം പരിഹരിക്കാൻ ജല അതോറിറ്റി ജീവനക്കാർക്ക് താത്‌പര്യമില്ലെന്നു പരാതി. കരകുളം മുല്ലശ്ശേരി ജങ്ഷനിലെ പൈപ്പ് ലൈനാണ് പൊട്ടിയൊലിക്കുന്നത്. ഇതേത്തുടർന്ന് ഉയർന്ന പ്രദേശങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങൾക്കു കുടിവെള്ളം മുട്ടിയിരിക്കുകയാണ്.
വർഷത്തിൽ പാതിദിവസവും കൃത്യമായി വെള്ളം ലഭിക്കാത്ത പ്രദേശമാണ് ഇവിടം. ഉയർന്ന സ്ഥലങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിലേക്കുവേണ്ടി മുൻപ് സ്ഥാപിച്ചിരുന്ന 10 ഇഞ്ചിന്റെ ഗേജ് കൂടിയ പൈപ്പ് മാറ്റി ആറ്് ഇഞ്ചിന്റെ ഗേജ് കുറഞ്ഞ പൈപ്പ് സ്ഥാപിച്ചതാണ് പൈപ്പ് പൊട്ടലിനു കാരണം. കല്ലയം തേറക്കോടുമുതൽ മുല്ലശ്ശേരി ജങ്ഷൻ വരെയാണ് ഗേജ് കുറഞ്ഞ പൈപ്പുകൾ സ്ഥാപിച്ചത്.
മുല്ലശ്ശേരി ജങ്ഷനിലുള്ള വാൽവിന്റെ ഭാഗത്ത് ഒന്നരമാസത്തിനിടയിൽ പത്തിലധികം തവണയാണ് പൈപ്പ് പൊട്ടിയത്. രണ്ടുദിവസത്തിൽ ഒരിക്കൽമാത്രമാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഇതിൽ മിക്കദിവസവും പൈപ്പ് പൊട്ടൽ പതിവാണ്.
ദിവസവും അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും അടിസ്ഥാനപ്രശ്നത്തിനു പരിഹാരമില്ല. നാട്ടുകാരും ജനപ്രതിനിധികളും വാട്ടർ അതോറിറ്റിയുമായി പലപ്രാവശ്യം ബന്ധപ്പെട്ടിട്ടും ഇവിടെ പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. പ്രശ്നത്തിനു ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുവരുമെന്ന് നാട്ടുകാരുടെ ജനകീയ സമരസമിതി അറിയിച്ചു.
