ശ്രീകാര്യം : വർക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച ലോറിക്ക് തീ പിടിച്ചു. വ്യാഴാഴ്ച രാത്രി 9.30-ഓടെയായിരുന്നു സംഭവം.
കുളത്തൂർ വാർഡിൽ അരശുംമൂട് പ്ലാവർത്തലയിലുള്ള ലക്ഷ്മി എൻജിനിയറിങ് വർക്ക് ഷോപ്പിൽ ചന്ദ്രബാബു അറ്റകുറ്റപ്പണിക്കായി എത്തിച്ച ലോറിക്കാണ് തീ പിടിച്ചത്.
വെൽഡിങ് ജോലികൾക്കിടെ തെറിച്ച തീപ്പൊരിയിൽ നിന്നാണ് തീ പടർന്നതെന്നു സംശയിക്കുന്നു. ലോറിയിൽ നിന്നും പുക ഉയരുന്നതുകണ്ട് ഉടൻതന്നെ കഴക്കൂട്ടം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിജുവിന്റെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കി.
