പാറശ്ശാല : ബണ്ട് തകർന്ന് നശിച്ചുപോയ പരശുവയ്ക്കൽ പൊന്നംകുളം വീണ്ടും നീരണിയുന്നു. കുളം നവീകരണം ആവശ്യപ്പെട്ട് സമരങ്ങളെത്തുടർന്നാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 25 ലക്ഷം രൂപ വിനിയോഗിച്ച് പൊന്നംകുളത്തിനെ വീണ്ടെടുക്കാൻ തീരുമാനിച്ചത്.
നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായതിനു പിന്നാലെ നെയ്യാർ ഇടതുകര കനാലിൽനിന്ന് കഴിഞ്ഞ രണ്ടുദിവസമായി കുളത്തിലേക്ക് വെള്ളം ഒഴുക്കുകയാണ്. പൊന്നംകുളം നവീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മാതൃഭൂമി തുടർച്ചയായി നൽകിയ വാർത്തകളാണ് പഞ്ചായത്തിലെതന്നെ വലിയ ജലസ്രോതസ്സിന്റെ വീണ്ടെടുക്കലിലേക്കു നയിച്ചത്.
പാറശ്ശാല പഞ്ചായത്തിലെ വലിയ ജലസ്രോതസ്സുകളിലൊന്നായ പൊന്നംകുളം പത്തുവർഷങ്ങൾക്ക് മുന്നെ ബണ്ട് തകർന്നതിനെത്തുടർന്നാണ് നാശത്തിലേക്കു നീങ്ങിയത്. തൊട്ടുമുൻപു നടന്ന നവീകരണ പ്രവർത്തനത്തിലെ പാളിച്ചയാണ് ബണ്ട് തകർന്നതെന്നായിരുന്നു ആരോപണം. ബണ്ട് തകർന്നതോടെ കുളത്തിലേക്കെത്തുന്ന വെള്ളം സംഭരിക്കുവാനാകാതെ പുറത്തേക്ക് ഒഴുകുകയായിരുന്നു. നെയ്യാർ ഇടതുകര കനാലിൽ നിന്നുള്ള വെള്ളം തോടുവഴി എത്തിച്ച് സംഭരിച്ചിരുന്നതിനാൽ ഏത് വേനൽക്കാലത്തും വറ്റാത്ത കുളമായിരുന്നു പരശുവയ്ക്കൽ പൊന്നംകുളം. കനാലിൽനിന്ന് എത്തുന്ന വെള്ളം കുളത്തിൽ സംഭരിക്കുവാൻ സാധിക്കാതെവന്നതോടെ പാഴ്ച്ചെടികൾ വളർന്ന് കുളം ചതുപ്പായി മാറി തുടങ്ങിയിരുന്നു. പ്രദേശവാസികൾക്കു പുറമേ സഞ്ചാരികളടക്കം വിവിധ ആവശ്യങ്ങൾക്ക് ആശ്രയിച്ചിരുന്ന പ്രധാന ജലസ്രോതസ്സായിരുന്നു ഇത്.
ശബരിമല സീസണിൽ പതിവായി ഇവിടെയെത്തി ഭക്ഷണം പാചകംചെയ്ത് കഴിച്ച് വിശ്രമിക്കുന്ന പതിവായി എത്തുന്ന നിരവധി തീർഥാടക സംഘങ്ങളടക്കമുണ്ടായിരുന്നു. പരശുവയ്ക്കൽ ഏലായിലെ കർഷകരും വേനൽക്കാലത്ത് ജലത്തിനായി ആശ്രയിച്ചിരുന്നത് പൊന്നംകുളത്തിനെയായിരുന്നു. കുളം കാടുകയറി നശിച്ചതോടെ പ്രദേശത്തെ ഭൂഗർഭ ജലവിതാനത്തിൽ പോലും വലിയ കുറവാണുണ്ടായത്.
പത്ത് വർഷക്കാലമായി പൊന്നംകുളം നവീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മാതൃഭൂമി വാർത്തകൾ പ്രസിദ്ധീകരിച്ചത്. തുടർച്ചയായി മാതൃഭൂമി നൽകിയ വാർത്തകളെത്തുടർന്ന് കുളത്തിന്റെ നവീകരണം ആവശ്യപ്പെട്ട് പ്രതിഷേധസമരങ്ങളും പരശുവയ്ക്കൽ കേന്ദ്രീകരിച്ച് ഉയർന്നുവന്നു. ഇതിനെത്തുടർന്നാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കുളം നവീകരിക്കുന്നതിനായി 25 ലക്ഷത്തോളം രൂപ വകയിരുത്തിയത്.
തകർന്ന ബണ്ട് പുനർനിർമിച്ച് വെള്ളത്തിന്റെ ചോർച്ച പൂർണമായും തടയുകയും കുളത്തിൽ വളർന്ന ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വെട്ടിമാറ്റുന്നതിനുമാണ് പദ്ധതി രൂപവത്കരിച്ചത്.
