നെയ്യാറ്റിൻകര : വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരുവർഷത്തിലേറെയായി രണ്ട് വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. ഒരു ആംബുലൻസും ഒരു വാനുമാണ് 15 വർഷം കഴിഞ്ഞെന്ന കാരണത്താൽ നിരത്തിലിറക്കാതെ നശിക്കുന്നത്. എന്നാൽ, ഈ വാഹനങ്ങൾക്കു പകരമായി ആരോഗ്യവകുപ്പ് പുതിയ വാഹനങ്ങൾ അനുവദിച്ചിട്ടില്ല.
അതിയന്നൂർ പഞ്ചായത്തിലാണ് വെൺപകൽ സാമൂഹികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്നത്. കിടത്തി ച്ചികിത്സാ സൗകര്യമുള്ള ആശുപത്രിക്കായി ആരോഗ്യ വകുപ്പ് ആംബുലൻസും വാനും അനുവദിച്ചിരുന്നു. ഈ രണ്ട് വാഹനങ്ങളും രജിസ്റ്റർചെയ്ത് 15 വർഷം കഴിഞ്ഞെന്നകാരണത്താലാണ് ഡിഎംഒയുടെ നടപടി പ്രകാരം നിരത്തിലിറക്കാതെ ഒതുക്കിയിട്ടിരിക്കുന്നത്.
സാമൂഹികാരോഗ്യകേന്ദ്രം സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകൾ, വാർഡുതല കാംപെയ്നുകൾ തുടങ്ങിയുള്ള ആവശ്യങ്ങൾക്കായാണ് ജീവനക്കാർക്ക് ഇരിക്കാൻ സൗകര്യമുള്ള വാൻ നൽകിയത്. ഇതിനു പുറമേയാണ് അത്യാഹിതത്തിലാകുന്ന രോഗികളെ ജനറൽ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ എത്തിക്കാനായി ആംബുലൻസും നൽകിയത്.
ഈ രണ്ട് വാഹനങ്ങളും 15 വർഷം കഴിഞ്ഞവയാണ്. കേന്ദ്ര നിയമപ്രകാരം 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ റീ ടെസ്റ്റ് നടത്താതെ ലേലംചെയ്ത് നൽകണമെന്നാണ്. എന്നാൽ, സ്വകാര്യ വാഹനങ്ങൾ 15 വർഷം കഴിഞ്ഞാൽ റീ ടെസ്റ്റ് നടത്തി വീണ്ടും നിരത്തിലിറക്കാറുണ്ട്. കെഎസ്ആർടിസിയുടെ വാഹനങ്ങളും റീടെസ്റ്റ് ചെയ്ത് നിരത്തിൽ ഓടുന്നുണ്ട്.
കേന്ദ്രനിയമം കണക്കിലെടുത്ത് ഡിഎംഒ ഇറക്കിയ ഉത്തരവാണ് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാനും ആംബുലൻസും കട്ടപ്പുറത്താകാൻ കാരണം. കട്ടപ്പുറത്തായ ഈ വാഹനങ്ങൾ ലേലംചെയ്യാനും ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ല. പകരം ഈ വാഹനങ്ങൾ ആശുപത്രിവളപ്പിൽക്കിടന്ന് തുരുമ്പെടുക്കുകയാണ്.
നിരവധി രോഗികൾ ആശ്രയിക്കുന്ന ഈ ആശുപത്രിക്ക് ഒരു ആംബുലൻസെങ്കിലും അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, ഇത് ചെവിക്കൊണ്ടില്ലെന്നു നടിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതർ.
