കിളിമാനൂർ : സംസ്ഥാനപാതയിൽ കഴിഞ്ഞ നാലിനുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ദമ്പതിമാർ മരിച്ച സംഭവത്തിൽ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും കിളിമാനൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവത്തിൽ കേസെടുത്തതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും കിളിമാനൂർ പോലീസ് ഗുരുതരമായ വീഴ്ചവരുത്തിയതായി ആരോപിച്ചാണ് ചൊവ്വാഴ്ച വൈകീട്ട് മൃതദേഹവുമായെത്തി സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചത്.
ജില്ലാതിർത്തിയിൽ കൊല്ലം ജില്ലയിലെ കുമ്മിൽ പഞ്ചായത്തിൽ പുതുക്കോട് രാജേഷ് ഭവനിൽ രഞ്ജിത്തി(40)ന്റെ മൃതദേഹവുമായാണ് നാട്ടുകാരും ജനപ്രതിനിധികളും കിളിമാനൂർ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചത്. രഞ്ജിത്തിന്റെയും ഭാര്യ അംബികയുടെയും മരണത്തിനു കാരണമായ അപകടമുണ്ടാക്കിയ ജീപ്പ് തിങ്കളാഴ്ച രാത്രി പോലീസ് സ്റ്റേഷനു സമീപം ഭാഗികമായി കത്തിയതു സംബന്ധിച്ചും പോലീസിനെതിരേയുള്ള പ്രതിഷേധത്തിന്റെ ആക്കംകൂട്ടി.
രഞ്ജിത്തിന്റെ മരണംകൂടി ഉണ്ടായതോടെ തിങ്കളാഴ്ച വൈകീട്ടുമുതൽ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് തീപ്പിടിത്തമെന്നു സംശയിക്കുന്നതായി പോലീസും തൊണ്ടിയായി കസ്റ്റഡിയിലുള്ള വണ്ടിയിലുണ്ടായ തീപ്പിടിത്തം തെളിവുനശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിഷേധിച്ചവരും ആരോപിക്കുന്നു.
കഴിഞ്ഞ നാലിന് വൈകീട്ട് 3.30-ന് സംസ്ഥാനപാതയിൽ പാപ്പാലയിൽ െവച്ചാണ് അപകടമുണ്ടായത്. ദമ്പതിമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നിലൂടെ വന്ന ജീപ്പിടിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്നവർ അമിതമായി മദ്യപിച്ച് അമിത വേഗതയിൽ വരുന്നതിനിടെയാണ് ബൈക്കിൽ ഇടിച്ചത്. ഇടിച്ചിട്ടശേഷം നിർത്താതെ മുന്നോട്ടുപോയ ജീപ്പിന്റെ ചക്രത്തിൽ കുടുങ്ങിയ ബൈക്ക് നീക്കംചെയ്യാൻ അടുത്ത വൈദ്യുതത്തൂണിലും ഇടിച്ചശേഷം നിർത്താതെ ഓടിച്ചുപോയി. നാട്ടുകാർ പിന്തുടരുന്നത് കണ്ടതോടെ വാഹനം ഉപേക്ഷിച്ച് രണ്ടുപേർ രക്ഷപ്പെട്ടു. ഒരാളെ പിടികൂടി പോലീസിനു കൈമാറി. വണ്ടി ഓടിച്ചിരുന്ന കാരക്കോണം ശ്രീവാസിൽ വിഷ്ണു(39)വിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അമിത മദ്യലഹരിയിലായിരുന്നതിനാൽ അടുത്തദിവസം ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയച്ചു. എന്നാൽ, പിന്നീട് ഇയാൾ ഒളിവിൽപ്പോവുകയും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയും ചെയ്തു.
വാഹനത്തിൽനിന്ന് രണ്ട് സർക്കാർ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ് കണ്ടെത്തിയിരുന്നു. ഇവരും വണ്ടിയിൽ സഞ്ചരിച്ചിരുന്നതായി നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. എന്നാൽ, ഇരുവരും വിഷ്ണുവിന്റെ സുഹൃത്തുക്കളാണെന്നും ഇവരുടെ ഫോൺനമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതായും പോലീസ് പറയുന്നു.
കേസിന്റെ തുടക്കംമുതൽ പോലീസ് പ്രതികളെ സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് പ്രതിഷേധവുമായി എത്തിയ ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും വിവിധ രാഷ്ട്രീയപ്പാർട്ടികളും ആരോപിച്ചു.
തിങ്കളാഴ്ച രാത്രി യൂത്ത് കോൺഗ്രസും ചൊവ്വാഴ്ച രാവിലെ യുവമോർച്ചയും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിൽ ഒ.എസ്.അംബിക എംഎൽഎ പങ്കെടുത്തു.
കുമ്മിൾ, പഴയകുന്നുമ്മേൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപ്പാർട്ടി പ്രവർത്തകരും നേതൃത്വം നൽകി. ഡിവൈഎസ്പിമാരായ ഗോപകുമാർ, റോബർട്ട് ജോൺ എന്നിവരുമായി നടത്തിയ ചർച്ചയിൽ, സംഭവത്തിൽ കുറ്റക്കാർക്കെതിരേയുള്ള നടപടികളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
