പാറശ്ശാല : സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളെത്തുന്ന പൊഴിയൂർ പൊഴിക്കരയിൽ അപകടമരണങ്ങൾ പതിവായിട്ടും മുന്നറിയിപ്പ് ബോർഡോ മറ്റ് സുരക്ഷാ സജ്ജീകരണങ്ങളോ ഒരുക്കുന്നില്ല. ഒരു വർഷത്തിനുള്ളിൽ പൊഴിക്കരയിൽ മൂന്ന് ജീവനുകളാണ് നഷ്ടമായത്. അവധിദിവസങ്ങൾ സഞ്ചാരികളെക്കൊണ്ടുനിറയുന്ന ഇവിടെ പൊഴിയിൽ അകപ്പെട്ടുള്ള മരണങ്ങൾ പതിവാകുന്നു. കടലും കായലും സംഗമിക്കുന്ന പൊഴിയിൽ കുളിക്കാനും നീന്താനുമിറങ്ങുന്ന സഞ്ചാരികളാണ് അപകടത്തിൽപ്പെടുന്നതിൽ അധികവും.
അടഞ്ഞുകിടക്കുമ്പോൾ പൊഴിയോടുചേർന്നുള്ള കായൽപ്രദേശം ഒഴുക്കില്ലാത്ത ശാന്തമായ സ്ഥലമാണെന്നു തോന്നും. ഈ ഭാഗത്തേക്കിറങ്ങുമ്പോൾ പൊടുന്നനെ അടിത്തട്ടിലെ മണൽ ഇടിഞ്ഞുതാഴുന്നതോടെ കായലിലേക്ക് ഇറങ്ങുന്നവർ അഗാധമായ കുഴിയിലേക്കു വീഴുന്നതും അപകടങ്ങൾക്കു കാരണമാകുന്നു. നീന്തൽ അറിയുന്നവരും മത്സ്യത്തൊഴിലാളികളുമടക്കം നിരവധിപ്പേർ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
പൊഴി മുറിച്ചിട്ടിരിക്കുമ്പോൾ ഒഴുക്കിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ദിവസങ്ങൾക്കുശേഷം കിലോമീറ്ററുകൾക്ക് അകലെനിന്നാണ് കണ്ടെത്താറുള്ളത്. പൊഴി അടഞ്ഞുകിടക്കുന്നകാലത്ത് അപകടം നടക്കുന്നതിനു സമീപത്തെ പാറയിടുക്കുകളിലും മണൽക്കൂനകൾക്കും ഇടയിൽനിന്നാണ് മൃതദേഹങ്ങൾ ലഭിക്കുന്നത്.
പതിമൂന്ന് മാസത്തിനിടയിൽ മൂന്നുപേരാണ് ഇവിടെ മരിച്ചത്. 2024 ഡിസംബർ 26-ന് ക്രിസ്മസ് ആഘോഷിക്കാനെത്തിയ പൊഴിയൂർ സ്വദേശി സജു(23), പ്രിറ്റിൽ റോയി(16), ഹാരിഷ് അഹമ്മദ്(17) എന്നിവർ മരിച്ചു. രണ്ടുവർഷത്തിനിടെ പത്തിലധികം പേർ ഇവിടെ മരിച്ചതായി പ്രദേശവാസികൾ പറഞ്ഞു. പൊഴിയിലെ അപകടാവസ്ഥയെക്കുറിച്ച് പ്രദേശവാസികൾ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിച്ച് ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്. നിരവധി ജീവൻ നഷ്ടമായിട്ടും അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. നിരവധി സഞ്ചാരികളെത്തുന്ന ഇവിടെ മുന്നറിയിപ്പ് ബോർഡുകളില്ല.
മൂന്നുവർഷം മുൻപ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബീച്ചിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ജനശ്രദ്ധ പതിയാത്തിടത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. അത് നശിച്ചതിനുശേഷം പുതിയത് വെക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അപകടം പതിവായ പൊഴിക്കരയ്ക്കുസമീപമാണ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കേണ്ടതെന്ന് പ്രദേശവാസികളടക്കം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ഓരോ അപകടം നടക്കുമ്പോഴും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പ്രഖ്യാപനങ്ങൾ നടത്തി മടങ്ങുന്നതല്ലാതെ നടപടിയുണ്ടാകുന്നിെല്ലന്ന ആക്ഷേപം ശക്തമാണ്.
രാവിലെ പതിനൊന്നുമണിയോടെ വിജനമാകുന്ന പൊഴിക്കര ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പുനൽകാൻ ആരുമില്ല. ഇവിടെ കോസ്റ്റൽ ഗാർഡുകളെ നിയമിക്കണമെന്ന ആവശ്യം നിലവിലുണ്ട്.
വിജനമായ തീരത്തെത്തുന്ന സഞ്ചാരികൾക്ക് നാട്ടുകാർ മുന്നറിയിപ്പുനൽകിയാൽ പോലും പലരും അത് അവഗണിക്കുകയാണ് പതിവ്.
ഇത് ഒഴിവാക്കാനായി പതിനൊന്നുമണിമുതൽ വൈകീട്ട് ആറുമണിവരെ കോസ്റ്റൽ ഗാർഡുകളെ നിയമിക്കണമെന്നാണ് പ്രദേശവാസികളുടെയും സഞ്ചാരികളുടെയും ആവശ്യം.
സഞ്ചാരികളുടെ അമിതമായ ലഹരി ഉപയോഗവും അപകടങ്ങൾക്കു കാരണമാകുന്നു. പൊഴിക്കര കേന്ദ്രീകരിച്ച് മദ്യ ഉപഭോഗത്തിനെതിരേ മുൻപ് ഇടവക അധികൃതർ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. അടുത്തകാലത്തായി സഞ്ചാരികളും പ്രദേശവാസികളും തമ്മിൽ സംഘർഷങ്ങളുണ്ടായതിനെത്തുടർന്ന് ഇടവക അധികൃതർ നിയന്ത്രണങ്ങളിൽ അയവുവരുത്തിയിരുന്നു. മദ്യത്തിനുപുറമേ ലഹരി വിൽപ്പനയുടെയും ഉപഭോഗത്തിന്റെയും സുരക്ഷിത മേഖലയായി പൊഴിക്കര മാറി. ലഹരി ഉപയോഗിച്ച് എത്തുന്നവർ പ്രദേശവാസികളുടെ വാക്കുകൾ അവഗണിച്ച് അപകടത്തിലേക്കു ചാടുന്നു.
