നെയ്യാറ്റിൻകര : നഗരസഭ നിർമിക്കുന്ന ശാന്തി ഇടത്തിലേക്കുള്ള റോഡിൽ നാട്ടുകാർക്ക് ദുരിതയാത്ര. പൊട്ടിപ്പൊളിഞ്ഞ് തകർന്നുകിടക്കുന്ന തൊഴുക്കൽ- ചെമ്പരത്തിവിള-മലഞ്ചാണി റോഡ് നവീകരിക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ല.
നിർമാണം അവസാനഘട്ടത്തിലായ നഗരസഭയുടെ പൊതുശ്മശാനമായ ശാന്തി ഇടത്തിലേക്കുള്ള റോഡാണ് തകർന്നുകിടക്കുന്നത്. നഗരസഭയിലെ തൊഴുക്കൽ, വഴുതൂർ, പ്ലാവിള വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ടും ഇതുവരെ നവീകരണത്തിന് പദ്ധതിപോലും തയ്യാറാക്കാൻ നഗരസഭ തയ്യാറായിട്ടില്ല.
നഗരസഭയുടെ ഷീ ലോഡ്ജ്, സ്പെഷ്യൽ സബ് ജയിൽ, ചെമ്പരത്തിവിള വീരചക്രം ക്ഷേത്രം, മലഞ്ചാണി ശാന്തി ഇടം എന്നിവിടങ്ങളിലേക്കുള്ള ഈ റോഡിന്റെ നവീകരണത്തിന് നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
തൊഴുക്കൽ കവലമുതൽ റോഡ് തറയോടുപാകിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എം.എൽ.എ. ഫണ്ടിൽ റോഡ് ടാറിടാനായി തറയോടുപാകിയ റോഡിന്റെ 150 മീറ്ററോളം ദൂരം വെട്ടിപ്പൊളിച്ചിട്ടു.
എം.എൽ.എ. ഫണ്ടിൽ ചെമ്പരത്തിവിള സ്പെഷ്യൽ സബ് ജയിലിനു മുന്നിൽനിന്നാരംഭിച്ച ടാറിടൽ വെട്ടിപ്പൊളിച്ചിട്ടഭാഗത്ത് ടാറിടാതെ പണിനിർത്തിയിരുന്നു. ഇപ്പോൾ ഈ ഭാഗത്ത് മെറ്റൽ നിരത്തിയതല്ലാതെ ടാറിടാൻ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല വണ്ടനടമുക്ക് മുതലും റോഡ് തകർന്നനിലയിലാണ്.
ചെമ്പരത്തിവിള വീരചക്രം ക്ഷേത്രത്തിലേക്ക് തിരിയുന്നിടംമുതൽ റോഡ് വീണ്ടും തകർന്ന നിലയിലാണ്. നഗരസഭയുടെ പൊതുശ്മശാനമായ ശാന്തി ഇടം പണികൾ പൂർത്തീകരിച്ചാൽ ഈ റോഡ് വഴിയാണ് മൃതദേഹങ്ങൾ ആംബുലൻസിൽ സംസ്കാരത്തിനായി കൊണ്ടുവരേണ്ടത്.
