നെയ്യാറ്റിൻകര : ശ്രീനാരായണഗുരു പ്രഥമപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിലെ 138-ാമത് പ്രതിഷ്ഠാ വാർഷികത്തിനും ശിവരാത്രി ഉത്സവത്തിനും ഭക്തിനിർഭരമായി കൊടിയേറി. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി കൊടിയേറ്റി. ഉത്സവത്തിനു തുടക്കമായതോടെ അരുവിപ്പുറം തീർത്ഥാടകരുടെ തിരക്കിലായി.
വെള്ളിയാഴ്ച ഗുരുപൂജയ്ക്ക് ശേഷം വൈകീട്ട് ബാലരാമപുരം പള്ളിവിളാകത്ത് വീട്ടിൽ നിന്നും കൊണ്ടുവന്ന പതാക അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ശിവഗിരി മഠത്തിലെ താന്ത്രികാചാര്യൻ ശിവനാരായണതീർത്ഥ കൊടിമരപൂജ നടത്തി. ഇതിനു ശേഷമാണ് കൊടിയേറ്റ് നടന്നത്. സ്വാമി അവ്യാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിഖ്യാധാനന്ദ, സ്വാമി ജ്ഞാനതീർത്ഥ എന്നിവരും പങ്കെടുത്തു.
ഉത്സവത്തിനു കൊടിയേറിയതോടെ ശിവരാത്രി നാൾവരെ അരുവിപ്പുറം ക്ഷേത്രവും കൊടിതൂക്കിമലയും തീർത്ഥാടകരുടെ തിരക്കിലാകും. പോലീസ്, എക്സൈസ്, അഗ്നിശമനസേന, ആരോഗ്യ വകുപ്പുകളുടെ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.
ശിവരാത്രി ദിവസമായ 15-ന് രാവിലെ 6.30-ന് കാവടി അഭിഷേകം, 11-ന് അരുവിപ്പുറം പ്രതിഷ്ഠാ സേന്ദശസമ്മേളനം ഉദ്ഘാടനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും. മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷയാകും. വൈകീട്ട് 4-ന് എഴുന്നള്ളത്ത്, 6.30-ന് മഹാശിവരാത്രി സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയാകും.
രാത്രി 9.30-ന് എഴുന്നള്ളത്ത്, 1-ന് ആയിരം കുടം അഭിഷേകം. 16-ന് പുലർച്ചെ 4-ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
