നെയ്യാറ്റിൻകര : അമരവിള-കാരക്കോണം റോഡിൽ വഴിമുടക്കി വൈദ്യുതത്തൂണുകൾ. അപകടക്കെണിയായിമാറിയ ഈ തൂണുകൾ റോഡ് ടാറിങ് പൂർത്തിയായിട്ടും കെ.എസ്.ഇ.ബി. മാറ്റുന്നില്ല.
അമരവിള-കാരക്കോണം റോഡ് വീതികൂട്ടിയാണ് നവീകരിച്ചത്. വീതികൂട്ടിയപ്പോൾ റോഡിലായ തൂണുകൾ നീക്കുന്നതിന് കെ.എസ്.ഇ.ബി.ക്ക് ഒരുവർഷം മുൻപ് ഫണ്ട് കൈമാറിയിരുന്നു. എന്നാൽ, ഫണ്ട് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ ദുർവിനിയോഗം ചെയ്തെന്നു പരാതി ഉയർന്നു. ഇതോടെ ഇതുസംബന്ധിച്ച് വിജിലൻസ് കേസുമായി.
ഇതോടെ തൂണുകൾ മാറ്റുന്നത് നിലച്ചു. എന്നാൽ, വീണ്ടും തടസ്സങ്ങൾനീക്കി തൂണുകൾ മാറ്റാൻ അനുമതിയായി.
ഇതിനായി വീണ്ടും ഫണ്ട് ലഭ്യമാക്കി. എന്നാൽ, ഇതുവരെ റോഡിലായ തൂണുകൾ മാറ്റാൻ അധികൃതർക്കായിട്ടില്ല.
അമരവിള, പുന്നമൂട് മുതൽ കാരക്കോണം വരെയായി രണ്ട് ഘട്ടമായുള്ള ടാറിങ് പൂർത്തിയായി.
നെടിയാംകോട്ട് പുതിയ പാലവും നിർമിച്ചു. ഇതിനു പുറമേ കലുങ്കുകളുടെ പുനർനിർമാണവും പൂർത്തീകരിച്ചു. ഇനി വൈദ്യുതത്തൂണുകൾ നീക്കിയാലേ റോഡിൽ സിഗ്നൽ മാർക്കിങ് നടത്താനാകൂ.
റോഡിലായ വൈദ്യുതത്തൂണുകൾ മാറ്റുന്നതിനായി 46 ലക്ഷം രൂപ പൊതുമരാമത്തുവകുപ്പ് കെ.എസ്.ഇ.ബി.ക്ക് കൈമാറി.
പണം കൈമാറിയിട്ട് രണ്ടാഴ്ചയിലേറെയായി. എന്നിട്ടും വൈദ്യുതത്തൂണുകൾ മാറ്റാനുള്ള നടപടിയായിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
റോഡിലായ വൈദ്യുതത്തൂണുകൾ അപകടക്കെണിയായതോടെ തൂണുകൾക്ക് ഇരുവശത്തും ടാർവീപ്പകൾവെച്ചാണ് അപകടസൂചന നൽകുന്നത്.
ഇതുതന്നെ അപകടക്കെണിയാകുന്നെന്നാണ് വാഹനയാത്രക്കാരുടെ ആക്ഷേപം.
വൈദ്യുതത്തൂണുകൾ മാറ്റുന്നതിന് ടെൻഡറായതായി കെ.എസ്.ഇ.ബി. ഉദിയൻകുളങ്ങര സെക്ഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഇന്ദു പറഞ്ഞു. 11-ന് കെ.എസ്.ഇ.ബി.യുടെയും കെ.ആർ.എഫ്.ബി.യുടെയും ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തും.
