പാറശ്ശാല : കടകുളം പാലത്തിന്റെ കൈവരികൾ തകർന്ന് സുരക്ഷാഭീഷണിയായിട്ടും പുനർനിർമിക്കാൻ നടപടിയില്ല. വളവിൽ സ്ഥിതിചെയ്യുന്ന പാലത്തിന്റെ കൈവരി രണ്ടുവർഷം മുൻപാണ് തകർന്നത്. നടപടികൾ മുന്നറിയിപ്പ് ബോർഡിൽ മാത്രം.
ദിവസേന നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന പ്ലാമൂട്ടുക്കട-ചാരോട്ടുകോണം റോഡിൽ കടകുളം തോടിനു മുകളിലെ പാലത്തിന്റെ കൈവരികളാണ് തകർന്നത്. അറുപതുകളിൽ നിർമിച്ച കടകുളം പാലത്തിൽ സിമെന്റ് തൂണുകളിൽ ചങ്ങലകളുപയോഗിച്ചാണ് സുരക്ഷാവേലി നിർമിച്ചിരുന്നത്. കാലപ്പഴക്കംകൊണ്ട് രണ്ടുവർഷം മുൻപ് ഒരുവശത്തെ സുരക്ഷാവേലി പൂർണമായും മറുഭാഗത്ത് ഭാഗികമായും തകർന്നു.
വലിയ വളവിൽ സ്ഥിതിചെയ്യുന്ന പാലത്തിൽ വേഗതയിലെത്തുന്ന വാഹനങ്ങൾ പലപ്പോഴും സുരക്ഷാവേലിയോടു ചേർന്നാണ് കടന്നുപോകുന്നത്. സുരക്ഷാവേലി നശിച്ചതോടെ പാലത്തിൽനിന്ന് വാഹനങ്ങൾ തോട്ടിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. പാലത്തിന് സമീപത്തായി ഇരുവശത്തുനിന്നും വളവുകൾ തിരിഞ്ഞുവരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് പാലം ശ്രദ്ധയിൽപ്പെടുന്നത്. പാലത്തിന്റെ തകർന്ന സുരക്ഷാവേലി പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവർഷം മുൻപ് യൂത്ത് കോൺഗ്രസ് സമരം നടത്തിയിരുന്നു. തുടർന്ന് സുരക്ഷാവേലി ഉടൻ പുനർനിർമിച്ച് പാലത്തിലെ അപകടാസ്ഥ ഒഴിവാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ ഉറപ്പുനൽകുകയും ചെയ്തു.
എന്നാൽ, പാലത്തിന്റെ ഇരുവശത്തുമായി പാലത്തിന്റെ സുരക്ഷാവേലി തകർന്നിരിക്കുന്നതിനാൽ വേഗത കുറച്ച് പോകണമെന്നുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുക മാത്രമാണ് അധികൃതർ ചെയ്തത്.
കഴിഞ്ഞദിവസം രാത്രിയിൽ ചെങ്കവിള സ്വദേശി സഞ്ചരിച്ച ഇരുചക്രവാഹനത്തിന്റെ മുൻവശത്തെ ടയറുകൾ പാലത്തിൽനിന്ന് തെന്നി തോട്ടിനുള്ളിലേക്കു നീങ്ങിയെങ്കിലും യുവാവിന്റെ സമയോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവാകുകയായിരുന്നു. പിന്നാലെയെത്തിയ കാറിലെ യാത്രക്കാർ ഇറങ്ങി ഇരുചക്രവാഹനത്തിനെ പാലത്തിലേക്ക് വലിച്ചുകയറ്റിയാണ് അപകടം ഒഴിവാക്കിയത്.
ദിവസേന ചെറുതും വലുതുമായ നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന കടകുളം പാലത്തിന്റെ സുരക്ഷാവേലി പുനർനിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് പുറംതിരിഞ്ഞുനിൽക്കുന്ന പൊതുമരാമത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.
