നെയ്യാറ്റിൻകര : കുടിവെള്ള പൈപ്പിടാനും കെ.എസ്.ഇ.ബി.യുടെ കേബിൾ സ്ഥാപിക്കാനുമായി വെട്ടിപ്പൊളിച്ച കോടതി റോഡ് നവീകരിക്കൽ വൈകും. നവീകരണത്തിനുള്ള അമൃത് പദ്ധതിയിലെ 64 ലക്ഷം രൂപ നഗരസഭ കൈമാറിയെങ്കിലും ടെൻഡർ വിളിക്കാതെ നവീകരണം ആരംഭിക്കാനാകില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. എന്നാൽ പൈപ്പിടാൻ വെട്ടിപ്പൊളിച്ച വിശ്വഭാരതി-ചമ്പയിൽ റോഡ് നവീകരണം ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
ജലഅതോറിറ്റിയും കെ.എസ്.ഇ.ബി.യും പലപ്രാവശ്യമായി വെട്ടിപ്പൊളിച്ച കോടതി റോഡ് നവീകരിക്കാനായി അമൃത് പദ്ധതി പ്രകാരം 64 ലക്ഷം നഗരസഭ അനുവദിച്ചിരുന്നു. ജലഅതോറിറ്റിക്ക് കൈമാറിയ ഈ പണം പിന്നീട് റോഡ് നവീകരിക്കാനായി പൊതുമരാമത്ത് വകുപ്പിന് നൽകി. പണം കൈമാറിയെങ്കിലും 64 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തി ടെൻഡർ വിളിക്കാതെ നവീകരണമാരംഭിക്കാനാകില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്.
കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് നാലു മാസം മുൻപാണ് ഒരുകോടി ചെലവിൽ ടാറിട്ട കോടതി റോഡ് വെട്ടിപ്പൊളിച്ചത്. തുടർന്ന് പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ പഴയ പൈപ്പ് മാറ്റി പുതിയ പൈപ്പിടാനായി വെട്ടിപ്പൊളിച്ചു. പിന്നാലെ പുതിയ കുടിവെള്ള പദ്ധതിയുടെ മെയിൻ പൈപ്പുകൾ സ്ഥാപിക്കാനുമായി വെട്ടിപ്പൊളിച്ചു.
ജലഅതോറിറ്റി വെട്ടിപ്പൊളിച്ച ഭാഗമത്രയും മണ്ണിട്ട് മൂടിയതല്ലാതെ യാതൊരു നവീകരണവും നടത്തിയില്ല. ഇതിനിടയിലാണ് മൂന്ന് ദിവസം മുൻപ് കെ.എസ്.ഇ.ബി. അധികൃതർ കേബിൾ സ്ഥാപിക്കാനായി വീണ്ടും കോടതി റോഡ് വെട്ടിപ്പൊളിച്ചത്. കോടതി റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി ബാർ അസോസിയേഷന്റെയും അഭിഭാഷക ക്ലാർക്കുമാരുടെയും നേതൃത്വത്തിൽ സമരം നടത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് നഗരസഭ ജലഅതോറിറ്റിക്ക് റോഡ് നവീകരിക്കാനായി 64 ലക്ഷം കൈമാറിയത്.ഒരാഴ്ച മുൻപ് പണം കൈമാറിയിരുന്നതായി നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു വ്യക്തമാക്കി. നഗരസഭ കൈമാറിയ പണം ജലഅതോറിറ്റി ഉടനെ പൊതുമരാമത്ത് വകുപ്പിന് നൽകി.
50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിർമാണ പ്രവൃത്തികൾക്ക് ടെൻഡർ വിളിക്കണമെന്ന വാദമാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. എന്നാൽ കോടതി റോഡിനെ രണ്ടു ഭാഗങ്ങളായി തിരിച്ച് ടെൻഡർ വിളിക്കാതെ നവീകരണം നടത്തിയാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപായി നവീകരണം പൂർത്തിയാക്കാനാകും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ കോടതി റോഡ് നവീകരണം അനന്തമായി നീളാനും ഇടയുണ്ട്.
:കോടതി റോഡ് വെട്ടിപ്പൊളിക്കുന്നതിന് മുൻപായി പൈപ്പിടാനായി വെട്ടിപ്പൊളിച്ച വിശ്വഭാരതി-ചമ്പയിൽ റോഡ് നവീകരണം ജലഅതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.പുതിയ ജലശുദ്ധീകരണശാലയുള്ള ജലഅതോറിറ്റി ഡിവിഷണൽ ഓഫീസ് മുതൽ വിശ്വഭാരതി റോഡ് വഴി കോടതി റോഡിലേക്ക് എത്തുന്നതുവരെയുള്ള 440 മീറ്റർ റോഡിന്റെ നവീകരണമാണ് ജലഅതോറിറ്റി ആരംഭിച്ചത്.
ഈ റോഡ് നഗരസഭയുടെ റോഡാണ്. എന്നാൽ കോടതിക്ക് മുന്നിലൂടെയുള്ളത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ്. പൈപ്പിടാൻ വെട്ടിപ്പൊളിച്ച വിശ്വഭാരതി-ചമ്പയിൽ റോഡ് നവീകരണം ആരംഭിച്ചിട്ടും ഫണ്ടുണ്ടായിട്ടും കോടതി റോഡ് നവീകരിക്കാത്തതിനെതിരേ പ്രതിഷേധവും ശക്തമാവുകയാണ്.
