ബാലരാമപുരം : കൈയേറ്റവും മാലിന്യവും കാരണം കരമന-കളിയിക്കാവിള റോഡിലെ നടപ്പാത കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാനാകുന്നില്ല. ബാലരാമപുരം, പള്ളിച്ചൽ പഞ്ചായത്ത് ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് നടപ്പാത കൈയേറിയുള്ള കച്ചവടവും കാടുകയറിക്കിടക്കുന്ന പ്രദേശങ്ങളിൽ മാലിന്യം വലിച്ചെറിയലും നടക്കുന്നത്. ഇരു പഞ്ചായത്തുകളിലും പ്രദേശത്തെ നിരവധി സംഘടനകളും നാട്ടുകാരും ചേർന്ന് പരാതി നൽകിയെങ്കിലും ദേശീയപാതവിഭാഗമാണ് ഇതൊക്കെ നോക്കേണ്ടതെന്ന മറുപടിമാത്രമാണ് നാട്ടുകാർക്ക് അധികൃതരിൽനിന്ന് ലഭിക്കുന്നത്.
പള്ളിച്ചൽമുതൽ ബാലരാമപുരംവരെ പാതയോരത്ത് പ്രവർത്തിക്കുന്ന ഭൂരിഭാഗം കടകളിലെയും സാധനങ്ങൾ നടപ്പാതയിലാണ് സൂക്ഷിക്കുന്നത്. കൂടാതെ നടപ്പാതയിലാണ് കച്ചവടങ്ങളും നടക്കുന്നത്.
വെടിെവച്ചാൻകോവിലിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹന വർക്ഷോപ്പുകളിലെ വാഹനങ്ങളെല്ലാം പണിചെയ്യുന്നതും രാത്രിയിൽ സൂക്ഷിക്കുന്നതും നടപ്പാതയിലാണ്.
കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാൻവേണ്ടിയാണ് ലക്ഷങ്ങൾ ചെലവഴിച്ച് തറയോടുപാകി നടപ്പാത നിർമിച്ചത്. കാടുകയറിക്കിടക്കുന്ന പ്രദേശങ്ങളിൽ നടപ്പാതനവീകരണം നടക്കാതെവന്നതോടെ ചിലയിടങ്ങളിൽ മണ്ണുമൂടി തറയോടുകൾ ഇളകിയ നിലയിലുമായിട്ടുണ്ട്.
കരമന-കളിയിക്കാവിള പാതവികസനം കൊടിനടവരെ പൂർത്തിയാക്കിയപ്പോൾ ബാലരാമപുരം, പള്ളിച്ചൽ പ്രദേശങ്ങളിലെ പ്രഭാത, സായാഹ്ന സവാരിക്കാർ നടപ്പാത പ്രയോജനപ്പെടുത്തിയിരുന്നു. ഇപ്പോൾ പലരും നടക്കുന്നത് തിരക്കേറിയ റോഡിലൂടെയാണ്.
ഇത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. മാലിന്യം കൂടിക്കിടക്കുന്നിയിടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്. കൂട്ടംകൂടിയുള്ള തെരുവുനായ്ക്കളുടെ ശല്യം കാൽനടയാത്രക്കാരെ മാത്രമല്ല ഇരുചക്ര വാഹനയാത്രക്കാരേയും അപകടത്തിൽപ്പെടുത്തുന്നു.
അടുത്തിടെ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച പള്ളിച്ചൽ പഞ്ചായത്ത് ഓഫീസിനു സമീപം മാത്രമാണ് നടപ്പാത നവീകരിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുറച്ചുദൂരംമാത്രം നവീകരിച്ചത്.
എന്നാൽ, പഞ്ചായത്ത് ഓഫീസിനു സമീപത്തായി നടപ്പാത കൈയേറി നടത്തുന്ന കച്ചവടങ്ങൾക്ക് തടയിടാൻ പഞ്ചായത്ത് അധികൃതർക്ക് കഴിയുന്നില്ല. വെടിവച്ചാൻകോവിലിൽ മാത്രം പത്ത് സ്ഥാപനങ്ങളാണ് നടപ്പാത കൈയേറിയിരിക്കുന്നത്.
