പാങ്ങോട് : പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന പഴവിള-പാങ്ങോട് റോഡിന്റെ പണി തുടങ്ങി. എം.എൽ.എ. ഫണ്ടിൽനിന്ന് ഇരുപതുലക്ഷം രൂപയാണ് റോഡിന്റെ പണികൾക്കായി മാറ്റിയിരുന്നത്. കരാറുകാരൻ നടപടികൾ പൂർത്തിയാക്കിയിട്ടും പണി വൈകിപ്പിക്കുന്നത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ആയിരത്തിയഞ്ഞൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന മൂന്ന് സ്കൂളുകൾ, ലക്ഷംവീടുകൾ, പാൽ സൊസൈറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന ഈ റോഡിൽ കാൽനടപോലും അസാധ്യമായതരത്തിൽ കുഴികൾ രൂപപ്പെട്ടിരുന്നു. റോഡിന്റെ ഫണ്ട് അനുവദിച്ചിട്ടും പണി ആരംഭിക്കാത്തത് പ്രതിപക്ഷ പാർട്ടികളും ഇലക്ഷൻ പ്രചാരണത്തിനായി ഉപയോഗിച്ചുതുടങ്ങിയിരുന്നു.
റോഡ് കോൺക്രീറ്റ് ഇന്റർലോക് തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് പണി നടത്തുന്നത്. ഒരാഴ്ച പാങ്ങോട്-പഴവിള വഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു. റോഡിന്റെ ശോചനീയാവസ്ഥയെ സംബന്ധിച്ച് നിരവധിതവണ ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
