വെള്ളനാട് : വെള്ളനാടിനു സമീപം ഉറിയാക്കോട്ട് നിയന്ത്രണംവിട്ട ടിപ്പർലോറി വൈദ്യുതത്തൂണുകൾ ഇടിച്ചു തകർത്തു.ആമച്ചൽ മുതിയാൻവിള സ്വദേശികളായ ലോറിഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ഉറിയാക്കോട് ജങ്ഷനു സമീപത്തെ ‘എസ്’ വളവിലാണ് അപകടം നടന്നത്. വെള്ളനാട്ടിൽ നിന്നും കാട്ടാക്കടയിലെ പന്നിഫാമിലേക്ക്പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിന് സമീപത്തെ മൂന്നു വൈദ്യുതത്തൂണുകൾ ഇടിച്ചുതകർത്ത ശേഷം സമീപത്തെ പറമ്പിലെ മൺത്തിട്ടയിൽ ഇടിച്ചുനിന്നു.
വൈദ്യുതത്തൂണുകൾ തകർന്നതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം പൂർണമായും നിലച്ചു.രാത്രി ഏഴു മണിയോടെ വൈദ്യുതിവിതരണം ഭാഗികമായി പുനരാരംഭിച്ചു.
