കല്ലമ്പലം : ദേശീയപാതയിൽ ആഴാംകോണത്തിനു സമീപം വർഷങ്ങളായി നിർത്തിയിട്ടിരിക്കുന്ന പഴയ വാഹനങ്ങൾ യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. തുരുമ്പെടുത്തുനശിച്ച നിലയിൽ വാഹനങ്ങൾകിടക്കുന്ന ഭാഗം കാടുകയറിയനിലയിലാണ്. വിവിധ അപകടങ്ങളിൽപ്പെട്ടതും കേസ് നിലനിൽക്കുന്നതുമായ വാഹനങ്ങളാണ് ജനവാസകേന്ദ്രത്തിൽ നിർത്തിയിട്ടിരിക്കുന്നത്. വാഹനങ്ങൾക്കുചുറ്റും കാടുകയറിയതിനാൽ പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. പാമ്പുകളെ ഭയന്ന് ഇതുവഴി സഞ്ചരിക്കാൻപറ്റാത്ത അവസ്ഥയാണുള്ളത്.
കറുത്ത നിറത്തിലുള്ള വലിയ പാമ്പുകളാണ് ഇവിടെ കാണാറുള്ളതെന്ന് നാട്ടുകാരും സമീപവാസികളും പറഞ്ഞു. രാത്രിയിലും പുലർച്ചെയും പ്രദേശവാസികൾ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. മണമ്പൂർ പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ടതാണ് പ്രസ്തുത പ്രദേശം. വിവിധ ഇടങ്ങളിൽ പരാതിനൽകിയെങ്കിലും നടപടി ഉണ്ടായില്ല. കല്ലമ്പലം പോലീസ് സ്റ്റേഷൻ വളപ്പിൽ സ്ഥലപരിമിതികാരണമാണ് ദേശീയപാതയോരത്തെ പഴയ റോഡിൽ വാഹനങ്ങൾ ഇട്ടിരിക്കുന്നത്. ദേശീയപാതയിലെ അപകടമേഖലകൂടിയാണ് ഇവിടം.
പഴയ റോഡ് നന്നാക്കിയാൽ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ കഴിയും. അൻപതോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലേക്കുള്ള വഴിയും ഈ റോഡിൽ നിന്നാണ് ആരംഭിക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേരാണ് രാത്രിയിലും പകലുമായി ഇവിടെ സഞ്ചരിക്കുന്നത്. മാലിന്യംതള്ളുന്നതിനാൽ തെരുവുനായ്ക്കളുടെ ശല്യവും പെരുകുന്നു. തൊട്ടടുത്ത് കരവാരം പഞ്ചായത്തിന്റെ പരിധിയിലുള്ള കാത്തിരിപ്പുകേന്ദ്രം സ്ഥിതിചെയ്യുന്നു. എപ്പോഴും വാഹനത്തിരക്ക് ആയതിനാൽ ഇവിടേക്ക് എത്താൻവേണ്ടി റോഡ് മുറിച്ചുകടക്കാൻ ആളുകൾ വളരെ ബുദ്ധിമുട്ടുന്നുണ്ട്. ആഴംകോണത്ത് പഴയ റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കാടുമൂടിയനിലയിൽ. വാഹനങ്ങളിൽ മിക്കവയും തുരുമ്പെടുത്തനിലയിലായി
