
കാട്ടാക്കട: കള്ളിക്കാട് ആടുവള്ളി ജംഗ്ഷന് സമീപം കാളിപ്പാറ വാർഡിൽ കനത്ത മഴയെ തുടർന്ന് ശക്തമായ മണ്ണിടിച്ചിൽ. വൈകിട്ട് നാലരയോടെ ഉണ്ടായ അപകടത്തിൽ മണ്ണും ചെളിയും കല്ലുകളും റോഡിലേക്ക് ഒലിച്ചിറങ്ങി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന് തൊട്ടടുത്ത് രണ്ട് വീടുകളുണ്ടെങ്കിലും വലിയ ദുരന്തം ഒഴിവായി. റോഡിൽ ചെളിയും കല്ലുകളും നിറഞ്ഞതിനെ തുടർന്ന് ഇതുവഴി വന്ന വാഹനങ്ങൾ തെന്നിമാറിയെങ്കിലും മറ്റ് അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ രംഗത്തിറങ്ങി റോഡിലെ മണ്ണും ചെളിയും നീക്കം ചെയ്തു. നിലവിൽ പ്രദേശത്ത് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി സമീപത്തെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി വാർഡ് മെമ്പർ വ്യക്തമാക്കി. അതേസമയം, രാത്രിയിലും പ്രദേശത്ത് ശക്തമായ മഴ തുടരുകയാണെങ്കിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ആളുകൾ മുൻകരുതൽ എടുക്കണമെന്ന് അധികൃതർ അറിയിച്ചു.
