കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരുവനന്തപുരം അണ്ടൂർകോണത്ത് മന്ത്രിമാരുടെ പരിപാടി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നൂറ് കണക്കിനാളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭകളും എന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനമാണ് തിരുവനന്തപുരം അണ്ടൂർകോണത്തിലെ പള്ളിപ്പുറം പാടശേഖരത്ത് ഇന്ന് നടന്നത്. മന്ത്രിന്മാരായ പി.പ്രസാദും, ജി.ആർ അനിലും പങ്കെടുത്ത പരിപാടിയിലാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് ജനം തടിച്ച് കൂടിയത്. പള്ളിപുറം കല്ലിപാലം ലിങ്കു റോഡരിക്കിൽ സ്റ്റേജ് കെട്ടിയായിരുന്നു പരിപാടി ഇതു കാരണം ഗതാഗതവും തടസ്സപ്പെട്ടു. റോഡിനിരുവശവും വയൽ കൂടി അയതോടെ ഇവിടെ എത്തിയവർക്ക് അകലം പാലിച്ച് നിൽകാനും കഴിയാത്ത അവസ്ഥയായിരുന്നു.

നിരവധി കോവിഡ് മരണങ്ങൾക്കിടയാക്കിയ അണ്ടൂർകോണം പ്രദേശം ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണിൽ നിന്നും ഒഴിവായത് അടുത്ത കാലത്താണ് . സമീപ പഞ്ചായത്തുകളായ പോത്തൻകോടും കഠിനംകുളവും ഇപ്പോഴും ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ്
