അഞ്ചുതെങ്ങ് .അഞ്ചുതെങ്ങിലെ കായൽ തീരങ്ങൾ സംരക്ഷിക്കുന്നതിന് ഹരിത വനം പദ്ധതി തയ്യാറാക്കി ഗ്രാമ പഞ്ചായത്ത്. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് കായൽ തീരങ്ങളിൽ കണ്ടൽകാട് വെച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നത്.കായൽ തീരങ്ങളിൽ 2800 ചതുരശ്ര മീറ്റർ കയർ മാറ്റുകൾ വിരിച്ചു അതിനു താഴെ കണ്ടൽ തൈകൾ വെച്ച് പിടിപ്പിക്കും.
ഗ്രാമപഞ്ചായത്തിലെ രണ്ടു മുതൽ എട്ടു വരെയുള്ള വാർഡുകളിലെ മൂന്ന് കിലോ മീറ്റർ ദൂരത്തിലാണ് കണ്ടൽ തൈകൾ വെച്ചു പിടിപ്പിക്കുന്നത്.സർക്കാർ സ്ഥാപനമായ കുഫോസിൽ നിന്നും ലഭിച്ച വിത്തുകൾ തൊഴിലുറപ്പ് തൊഴിലാളികൾ പാകി മുളപ്പിച്ചു എടുത്താണ് തൈകൾ നട്ടുപിടിപ്പിക്കുന്നത്. ഇതിന്റെ പരിപാലന ചുമതലയും തൊഴിലാളികൾക്കാണ്. ഓരോ വാർഡിലും 200തൈകൾ വീതം വെച്ച് പിടിപ്പിക്കും. തീരം സംരക്ഷിക്കുന്നതിനൊപ്പം തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭിക്കുന്നതിനും ഈ പദ്ധതി കാരണമാകും.
പദ്ധതി യുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ലിജാ ബോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. എൻ സൈജു രാജ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജി സുന്ദർ, ഡോൺ ബോസ്കോ,സോഫിയ,വേണുഗോപാലൻ, ഷംനാദ്, പ്രമോദ് എന്നിവർ പങ്കെടുത്തു.
