അരുവിപ്പുറം: ശ്രീനാരായണഗുരുദേവൻ്റെ പാദസ്പർശം കൊണ്ട് പുണ്യമായ അരുവിപ്പുറത്ത് അയിരങ്ങൾ ഒഴുകിയെത്തിയ ശിവരാത്രി ആഘോഷവും 134ാം പ്രതിഷ്ഠാ വാർഷികവും സമാപിച്ചു. ഇന്നലെ രാവിലെ മുതലാരംഭിച്ച വിവിധ ചടങ്ങുകളിൽ വലിയ ഭക്തജന പങ്കാളിത്തമായിരുന്നു. ”ശുചിത്വ ബോധത്തിൻ്റെ ആവശ്യകത ഗുരുവിൻ്റെ കാഴ്ച്ചപ്പാടിൽ” എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിന് അരുവിപ്പുറം മഠം സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ സ്വാഗതമാശംസിച്ചു. ഗുരുദേവൻ ശുചിത്വത്തിന് വലിയ പ്രാധാന്യം നൽകിയെന്നും പഞ്ചശുചിത്വം ആചരിക്കണമെന്ന് ഗുരു ലോകത്തോട് പറഞ്ഞിട്ടുണ്ടെന്നും സാന്ദ്രാനന്ദ സ്വാമികൾ സ്വാഗതപ്രഭാഷണത്തിൽ പറഞ്ഞു. മന്ത്രി ജെ ചിഞ്ചുറാണി സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം ബോധിതീർത്ഥ സ്വാമികൾ അദ്ധ്യക്ഷനായി. ഗുരുപാത പിൻതുടർന്നാൽ ലോകം സമാനാത്തിലേക്ക് നീങ്ങുമെന്ന് ആശംസാ പ്രഭാഷണം നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വികെ പ്രശാന്ത് എംഎൽഎ, ശ്രീനാരായണീയ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ബി സുഗീത, ചെമ്പഴന്തി നാരായണ ഗുരുകുലം ചെയർമാൻ ശുഭാംഗാനന്ദ സ്വാമികൾ തുടങ്ങിയവർ സംസാരിച്ചു. മന്ത്രി ചിഞ്ചുറാണി അരുവിപ്പുറം കൊടിതൂക്കിമലയിലെ ഗുരുദേവക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തി. വൈകുന്നേരം 4ന് നടന്ന ഗുരൂപൂജയും എഴുന്നള്ളത്തും ഭക്തിനിർഭരമായി, തുടർന്ന് ശിവരാത്രി സമ്മേളനവും നടന്നു. ഉത്സവത്തോടനുബന്ധിച്ചുള്ള നെയ്യാറിലെ ശങ്കരൻകുഴിയിൽ നിന്ന് ആയിരം കുടം വെള്ളമുപയോഗിച്ച് അഭിഷേകം രാത്രി 1ന് നടന്നു.
