ചാത്തന്നൂര്‍ : മീനാട് പാലമുക്ക് ഗായത്രിയില്‍ ഉഷാകുമാരിയും കുടുംബവും താമസിക്കുന്ന വീടിന്റെ മുന്നിലും പിന്നിലും ചുവന്ന പെയിന്റുകൊണ്ട് അടയാളം ചെയ്തത് ഭീതി പരത്തി.ഇന്നലെ രാവിലെയാണ് വീടിന്റെ മുന്നിലും പിന്നിലും ആര്.കെ എന്ന് ചുവന്ന അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചാത്തന്നൂര്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
ചാത്തന്നൂര്‍ – പരവൂര്‍ സംസ്ഥാനപാതയുടെ ഓരത്താണ് ഈ വീട്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ വീട്ടിലെയും സമീപത്തെയും നായ്ക്കള്‍ അസാധാരണമായി ബഹളം ഉണ്ടാക്കിയതായി ഉഷാകുമാരി പറഞ്ഞു. ചാത്തന്നൂര്‍ എസ്. എച്ച്. ഒ ജസ്റ്റിന്‍ജോണ്‍, എസ്.ഐ ആശ, ഗ്രേഡ് എസ്.ഐ അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകള്‍ ശേഖരിച്ചത്. അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.
